പഞ്ചായത്തംഗത്തിന്‍റെ വീട്ടിൽ തീപിടിത്തം; സാമൂഹികവിരുദ്ധർ കത്തിച്ചതെന്ന് പരാതി
text_fieldsപഞ്ചായത്തംഗത്തിന്‍റെ വീട് കത്തി നശിച്ച നിലയിൽ
കിളിമാനൂർ: രാത്രിയിൽ ആളില്ലാതിരുന്ന സമയത്ത് പഞ്ചായത്തംഗത്തിന്‍റെ വീട്ടിൽ തീപിടിത്തം. വീട്ടുപകരണങ്ങളടക്കം കത്തിനശിച്ചു. സാമൂഹികവിരുദ്ധർ കത്തിച്ചതാണെന്ന് ആരോപിച്ച് കിളിമാനൂർ പൊലീസിൽ പരാതി നൽകി.കിളിമാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും എട്ടാം വാർഡ് മെംബറുമായ കോൺഗ്രസിലെ വി. ഉഷാകുമാരിയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി തീപിടിത്തം ഉണ്ടായത്.
ആർ.ആർ.വി സ്കൂളിന് സമീപമാണ് ഇവരുടെ വീട്. രാത്രി 10 ഓടെയാണ് സംഭവം. രണ്ട് മുറികളിലേക്ക് തീ പടർന്നു. മൂന്ന് ഫാനുകൾ, 25,000 ത്തോളം രൂപ വിലവരുന്ന ടി.വി, ഒരു സോഫ, അലമാര തുടങ്ങിയവ കത്തിനശിച്ചു. വൈദ്യുതി വയറിങ് സംവിധാനവും നശിച്ചു. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഉഷാകുമാരി മൂത്ത മകന്‍റെ ചികിത്സാർഥം വട്ടപ്പാറയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇളയ മകൻ അനൂപ് ജോലി കഴിഞ്ഞെത്തിയ ശേഷം രാത്രി ഒമ്പതോടെ കവലയിലേക്ക് പോയി.
തിരികെയെത്തുമ്പോഴാണ് വീടിനകം തീപിടിച്ചത് കാണുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് തീ അണച്ചത്. കിളിമാനൂർ പൊലീസിൽ ഉഷാകുമാരി വിവരം അറിയിച്ചെങ്കിലും ആളപായമില്ലാത്തതിനാൽ രാവിലെ പരാതി നൽകാൻ പറയുകയായിരുന്നു. ശനിയാഴ്ച ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ഇവർ പരാതി നൽകിയത്. വൈകുന്നേരത്തോടെ മാത്രമാണ് പൊലീസുകാർ വിവരം അന്വേഷിച്ചെത്തിയതെന്നും ഉഷാകുമാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

