അനാഥ സഹോദരിമാർക്ക് വീട് നിഷേധിച്ച് പഞ്ചായത്ത്; മന്ത്രി റിപ്പോർട്ട് തേടി
text_fieldsലൈഫ് ഭവനപദ്ധതി പ്രകാരം നന്നമ്പ്ര പഞ്ചായത്ത് അധികൃതർ അപേക്ഷ നിരസിച്ച സഹോദരിമാർ
തിരൂരങ്ങാടി: അനാഥരായ മൂന്നു സഹോദരിമാർക്ക് സൗജന്യമായി ഭൂമി ലഭ്യമാക്കിയിട്ടും ലൈഫ് പദ്ധതിയിൽ വീട് നൽകാതെ പഞ്ചായത്ത് അധികൃതർ. നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മൂന്നു സഹോദരിമാർക്കാണ് വീട് നിഷേധിച്ചത്.
ലൈഫ് മിഷൻ പദ്ധതിയിൽ ഇവർ വീടിനായി അപേക്ഷ സമർപ്പിച്ചെങ്കിലും സാങ്കേതികത്വം പറഞ്ഞ് നിരസിക്കുകയായിരുന്നു. സംഭവത്തിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരോട് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് വിശദീകരണം തേടി. ഇവർക്ക് വീട് നിർമിക്കാൻ പൊതുപ്രവർത്തകനായ എം.സി. കുഞ്ഞുട്ടി സൗജന്യമായി സ്ഥലം നൽകിയിരുന്നു.
വീട് വെക്കാൻ ലൈഫ് മിഷൻ പദ്ധതി പ്രകാരം അപേക്ഷ നൽകിയപ്പോൾ ഇവർ വിവാഹിതരാകാത്തതും കുടുംബമായി താമസിക്കുന്നില്ലെന്ന കാരണവും ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നെന്ന് കുഞ്ഞുട്ടി പറഞ്ഞു. രേഷ്മ, രശ്മി, കൃഷ്ണപ്രിയ എന്നീ പെൺകുട്ടികൾ മാതാപിതാക്കളുടെ മരണശേഷം മുത്തച്ഛനും അമ്മാവനുമൊപ്പമാണ് താമസിക്കുന്നത്.
രണ്ടുപേർ കോഴിക്കോട്ട് ടെക്സ്റ്റൈൽസിൽ ജോലിക്കാരാണ്. മൂന്നാമത്തെയാൾ വിദ്യാർഥിയാണ്. ഇവർ വീടിനായി പലതവണ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും അധികൃതർ കനിഞ്ഞില്ല.അധികൃതരെയും പഞ്ചായത്ത് അധികൃതരെയും കണ്ട് നിസ്സഹായാവസ്ഥ സൂചിപ്പിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർ പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയുടെ സാങ്കേതിക തടസ്സം നീക്കി കുടുംബത്തിന് വീട് നൽകാൻ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടവരും തയാറാകണമെന്ന് പൊതുപ്രവർത്തകരും ഭൂമി നൽകിയ എം.സി. കുഞ്ഞുട്ടിയും പറഞ്ഞു.കുടുംബത്തിന്റെ വിഷയം ചർച്ചചെയ്യാൻ പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദയനീയാവസ്ഥ മന്ത്രിയുടെയും ജില്ല കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

