ശാസ്താംകോട്ട (കൊല്ലം): താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ ശൂരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11ന് സ്വകാര്യ ആശുപത്രിയില്‍നിന്നും ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ശ്രീകുമാര്‍ അടക്കം ഏഴുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരംവിള അജയകുമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിതിൻ കല്ലട എന്നിവരെയും കണ്ടാലറിയുന്ന നാലുപേരെയുമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഡോ. എം. ഗണേഷിനെ മർദിച്ചതിലും ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാന മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഒ.പി ബഹിഷ്കരിച്ച് ആശുപത്രി ജീവനക്കാരുടെ സമരം തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ശൂരനാട് വടക്ക് പാതിരിക്കല്‍ അരവണ്ണൂര്‍ കളീക്കല്‍ സരസമ്മ (89) കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുന്നത് ബന്ധിച്ചുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്. പുറത്ത് വാഹനത്തിലെത്തി മരണം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ളവർ ആവശ്യപ്പെട്ടപ്പോൾ അസ്വാഭാവിക മരണമായതിനാൽ മൃതദേഹം ആശുപത്രിക്കുള്ളിൽ എത്തിച്ച് പരിശോധിക്കണമെന്ന് ഡോക്ടർ നിർദേശിച്ചതോടെയാണ് തർക്കമുണ്ടായത്.