പഞ്ചായത്ത് അംഗത്തെ മുൻ അംഗത്തിെൻറ ഭർത്താവ് മർദിച്ചതായി പരാതി
text_fieldsആർപ്പൂക്കര: പഞ്ചായത്ത് അംഗത്തെ മുൻ പഞ്ചായത്ത് അംഗത്തിെൻറ ഭർത്താവ് മർദിച്ചെന്ന് പരാതി. മർദനമേറ്റ പഞ്ചായത്ത് അംഗം മെഡിക്കൽ കോളജിൽ ചികിത്സയിൽ.ആർപ്പൂക്കര പഞ്ചായത്ത് പത്താം വാർഡ് അംഗം സി.പി.എമ്മിലെ പ്രിൻസ് മാത്യുവിനാണ് മർദനമേറ്റത്.
പത്താം വാർഡിലെ മുൻ മെംബറുടെ ഭർത്താവായ ആർപ്പൂക്കര തെക്കേടം സജിയാണ് മർദിച്ചത്. ബുധനാഴ്ച വൈകീട്ട് അങ്ങാടിപ്പള്ളിക്ക് സമീപമായിരുന്നു സംഭവം. അങ്ങാടിപ്പള്ളിക്ക് സമീപം റേഷൻ കട നടത്തുകയാണ് തെക്കേടം സജി. കടയോടു ചേർന്ന് ടാറിങ് സാധനങ്ങളും പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യവും കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. നാട്ടുകാർ ചോദ്യം ചെയ്തതോടെ സജി നാട്ടുകാരെ അസഭ്യം പറഞ്ഞു.
ഇതറിഞ്ഞ് പ്രിൻസ് മാത്യു അന്വേഷിക്കാൻ സ്ഥലത്തെത്തി. പ്രിൻസിനെ സജി അസഭ്യം പറയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് ഇയാൾ വയറിന് ചവിട്ടിയെന്നാണ് പരാതി. പ്രിൻസിനെ ഉടൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവരം അന്വേഷിക്കാനെത്തിയ ഒമ്പതാം വാർഡ് മുൻ മെംബർ ഹരിയെയും സജി അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. നിലവിൽ 11ാം വാർഡിൽനിന്നുള്ള അംഗമാണ് സജിയുടെ ഭാര്യ.

