പഞ്ചായത്ത് ഹാൾ 'കോടതി മുറിയായി'
text_fieldsമൂവാറ്റുപുഴ: പഞ്ചായത്ത് ഹാൾ ഒരു മണിക്കൂറോളം കോടതി മുറിയായി മാറിയത് കൗതുക കാഴ്ചയായി. ആരക്കുഴ പഞ്ചായത്തിലെ സൂക്ഷ്മ പരിശോധന നടന്ന പഞ്ചായത്ത് ഹാളാണ് ഒരു മണിക്കൂർ സമയം വക്കീലൻമാരുടെ വാദപ്രതിവാദങ്ങൾക്ക് വേദിയായത്. ആരക്കുഴ പഞ്ചായത്ത് എട്ടാം വാർഡിലെ സൂക്ഷ്മപരിശോധനക്കിടെയായിരുന്നു സംഭവം. സ്ഥാനാർഥിയുടെ പത്രിക സമർപ്പണത്തിനെതിരെ സ്ഥാനാർഥികൾക്കും പാർട്ടി പ്രതിനിധികൾക്കും പകരം ഹൈകോടതി അഭിഭാഷകർ തമ്മിലാണ് വാക് പോരാട്ടം നടന്നത്.
കോൺഗ്രസ് സ്ഥാനാർഥിയായ നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് സാബു പൊതൂരിെൻറ പത്രിക തള്ളണമെന്നു വാദിക്കാൻ എൽ.ഡി.എഫ് ഹൈകോടതി അഭിഭാഷകനായ അഭിലാഷ് വിഷ്ണുവിനെ രംഗത്തിറക്കിയപ്പോൾ സാബു പൊതൂർ മറ്റൊരു ഹൈകോടതി അഭിഭാഷകനായ അജിത് ജി. അഞ്ചർലേക്കറെയാണ് കൊണ്ടുവന്നത്. പത്രിക തള്ളണം എന്നാവശ്യപ്പെട്ട് അഭിലാഷ് വിഷ്ണുവും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അജിത്തും വാദമുഖങ്ങളുമായി ഏറ്റുമുട്ടിയപ്പോൾ പഞ്ചായത്ത് ഹാൾ കോടതി മുറിക്ക് സമാനമായി. വരണാധികാരിക്ക് ജഡ്ജിയുടെ റോൾ കൈകാര്യം ചെയ്യേണ്ടിയും വന്നു.
ജനപ്രതിനിധിയായിരിക്കെ പഞ്ചായത്ത് വക തോട്ടക്കര ചിറ മത്സ്യ കൃഷിക്കായി സാബു പൊതൂർ ലേലത്തിൽ പിടിച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാബു പൊതൂരിെൻറ പത്രിക തള്ളണമെന്ന് എൽ.ഡി.എഫ് വാദിച്ചത്. ഹൈകോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ പത്രിക തള്ളാനാകില്ലെന്ന് സാബുവിെൻറ അഭിഭാഷകൻ വാദിച്ചു. ഈ വാദം അംഗീകരിച്ച് വരണാധികാരി സാബു പൊതൂരിെൻറ പത്രിക സ്വീകരിച്ചതോടെയാണ് വാദപ്രതിവാദങ്ങൾ അവസാനിച്ചത്.