പഞ്ചായത്ത് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം സെക്രട്ടറിമാർ പാസാക്കി
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപന ജീവനക്കാരുടെ ആർജിത അവധി (ലീവ് സറണ്ടർ) ആനുകൂല്യം ഓൺഫണ്ടിൽനിന്ന് പാസാക്കരുത് എന്ന ഉത്തരവിന് വിരുദ്ധമായി പഞ്ചായത്തുകളിലെ സെക്രട്ടറിമാർ മുൻകൈയെടുത്ത് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പാസാക്കിയെടുത്തു. പുതിയ സർക്കാർ അധികാരത്തിലേറി ഉത്തരവ് പുതുക്കുന്ന ഇടവേളയിലാണ് സർക്കാറിന് വലിയ ബാധ്യതവരുത്തി പഞ്ചായത്ത് സെക്രട്ടറിമാരുടെ നടപടി. ഉത്തരവ് പുതുക്കുന്നത് സംബന്ധിച്ച് ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരം ധരിപ്പിക്കുന്നതിൽ വീഴ്ചവരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
കേരള സർക്കാർ ജീവനക്കാരുടെ 2026-27 സാമ്പത്തിക വർഷത്തെ ലീവ് സറണ്ടർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ആർജിത അവധി സറണ്ടർ ചെയ്യുന്നതിന് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പുതിയ സാമ്പത്തിക വർഷത്തിലും (2026-27) തുടരാൻ തീരുമാനിച്ചു. അതിനാൽ, മുൻ ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ 2026 മേയ് 31വരെ നീട്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. 2026 മേയ് 31ന് ശേഷം സർക്കാറിന്റെ സാമ്പത്തികാവസ്ഥ വിലയിരുത്തി പുതിയ തീരുമാനം എടുക്കുന്നതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഈ ഉത്തരവിന്റെ കാലാവധി 2026 മേയ് 31ന് അവസാനിച്ചുവെങ്കിലും ഇതിനിടയിൽ പുതിയ സർക്കാർ നിലവിൽവന്നു. എന്നാൽ, ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ യഥാസമയം ഇക്കാര്യം പുതിയ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല. അതിനാൽ, ഇന്നുവരെ പുതുക്കിയ ഉത്തരവും ഇറങ്ങിയില്ല. ഈ സാങ്കേതിക പഴുത് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാർ മുൻകൈയ്യെടുത്ത് എല്ലാ ജീവനക്കാരുടെയും ലീവ് സറണ്ടർ ആനുകൂല്യം പാസാക്കി നൽകുകയായിരുന്നു. തനതു ഫണ്ട് അക്കൗണ്ടിൽനിന്ന് തുക എടുക്കുന്നതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങളുമില്ല.
എന്നാൽ, മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യുന്നത് സ്പാർക് എന്ന സോഫ്റ്റ് വെയറിലൂടെ ആയതിനാൽ അവർക്ക് ഇതിലേയ്ക്കുള്ള ഓപ്ഷൻ ഓപൺ ആകാത്തതിനാൽ പണം മാറാൻ കഴിയുകയില്ല. ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും തനതു ഫണ്ടിൽനിന്നാണ് ലഭ്യമാകുന്നതെങ്കിലും ധനകാര്യ വകുപ്പിന്റെയും സർക്കാറിന്റെയും ഉത്തരവുകൾ പ്രകാരമേ ഇവ മാറിയെടുക്കാവൂ എന്ന പ്രാഥമിക നിയമം ഇവർക്കും ബാധകമാണ്.
ലീവ് സറണ്ടർ അനുകൂല്യം മാറിയെടുക്കാനുള്ള ഉത്തരവ് ഇറങ്ങിയാൽ മാത്രമേ സാധാരണ സർക്കാർ ഉദ്യോഗസ്ഥർ ഇതിനായി നടപടികൾ ആരംഭിയ്ക്കൂ എന്നിരിക്കെയാണ് നിയന്ത്രണം ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവിന്റെ കാലാവധി അവസാനിച്ച് പുതിയ ഉത്തരവ് വരുന്നതിന്റെ ഇടവേള മുതലാക്കി പഞ്ചായത്ത് ജീവനക്കാർ തുക മാറിയെടുത്തത്. സർക്കാർ ആവശ്യപ്പെട്ടാൽ തുക തിരിച്ചടക്കാം എന്ന ജീവനക്കാരന്റെ സത്യവാങ്മൂലം വാങ്ങി ഫയലിൽ സൂക്ഷിച്ചാണ് ഈ തുക നൽകിയിരിക്കുന്നത്. മുൻകാലങ്ങളിൽ സമാന സംഭവങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപെട്ട് ഇത് തിരികെ ഒടുക്കാൻ ഉത്തരവിട്ടെങ്കിലും തിരികെ ഈടാക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

