വികസന ഓർമകളിൽ അഭിമാനത്തോടെ എം.എം. പത്മാവതി
text_fieldsകോഴിക്കോട്: ഒരു തെരഞ്ഞെടുപ്പിനുകൂടി കളമൊരുങ്ങുേമ്പാൾ നാടിെൻറ വികസനത്തിനായി പ്രവർത്തിക്കാനായതിെൻറ സന്തോഷം പങ്കുവെക്കുകയാണ് കൗൺസിലറും മുൻ മേയറുമായ എം.എം. പത്മാവതി. നഗരത്തിെൻറ കണ്ണായ സെൻട്രൽ മാർക്കറ്റ് സ്ഥാപിച്ചതാണ് താൻ മേയറായിരുന്നപ്പോഴുള്ള ഏറ്റവും അഭിമാന നിമിഷമെന്ന് എം.എം. പത്മാവതി പറഞ്ഞു. അതുവരെ കടകളുണ്ടായിരുന്നെങ്കിലും ഇത്തരത്തിൽ ഒന്നിച്ചു ചേർന്നായിരുന്നില്ല. അവയെ സെൻട്രൽ മാർക്കറ്റിൽ ഒന്നിച്ചു ചേർക്കാനായതാണ് ഏറ്റവും സന്തോഷം നൽകുന്ന പ്രവർത്തനം. 1998 മുതൽ 2000 വെരയുള്ള കാലയളവിലാണ് എം.എം പത്മാവതി മേയറായിരുന്നത്. 1995 മുതൽ 2005 വരെ കൗൺസിലറായിരുന്നു. പിന്നെ 2015 മുതൽ 2020 വരെയും കൗൺസിലറായി തുടർന്നു. ഇക്കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനായെന്ന് പത്മാവതി മാധ്യമത്തോട് പറഞ്ഞു.
ഇന്ന് കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തെരെഞ്ഞടുപ്പ് പ്രചാരണം പോലെയല്ല, ആഘോഷമായാണ് അന്ന് പ്രചാരണ പ്രവർത്തനങ്ങൾ നടക്കുക. നേതാക്കളും പ്രവർത്തകരും കൂട്ടമായി ആണ് വോട്ട് പിടിക്കുന്നതിനായി ഗൃഹസന്ദർശനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഇറങ്ങുക. ഇന്ന് അഞ്ചുേപരിൽ കൂടുതൽ ഗൃഹസന്ദർശനത്തിന് ഇറങ്ങാൻ പറ്റില്ല. ക്ഷീണമറിയാത്ത പ്രവർത്തനങ്ങളായിരുന്നു അന്നെല്ലാം. ഇത്തവണയും സ്ഥാനാർഥിക്കൊപ്പം ഗൃഹസന്ദർശനത്തിന് പോയിട്ടുണ്ടെന്നും മുൻ മേയർ വ്യക്തമാക്കി.
ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ശേഷം ജനോപകാരപ്രദമായ നിരവധി വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാനായിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് ഹാൾ, ജൂബിലിഹാൾ എന്നിവ നിർമിക്കാനായത് ഏറ്റവും സന്തോഷം നൽകുന്നതാണ്. ജനകീയമായ കുടിവെള്ള പദ്ധതികളും തുടങ്ങാനായി. വയലിൽ കിണർ കുഴിച്ച് കുന്നിനുമുകളിൽ വാട്ടർ ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തുന്ന പദ്ധതികൾ തെൻറ കാലത്താണ് തുടങ്ങിയതെന്ന് പത്മാവതി പറഞ്ഞു. മായനാട്ടെ വർഷങ്ങളായുള്ള മലിനജല പ്രശ്നം എം.എൽ.എയുടെ സഹായത്തോടുകൂടി അവസാനിപ്പിക്കാനായതാണ് സന്തോഷം നൽകിയ മെറ്റൊരു നേട്ടം. കോവൂർ ജൂബിലി ഹാൾ തുടങ്ങാനായതും അഭിമാനത്തോടെ ഓർക്കുന്നുണ്ടെന്നും മുൻ മേയർ കൂട്ടിച്ചേർത്തു.