'മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബ്രേക്ക് കിട്ടിയില്ലെന്ന് മൊഴി'; ലോറികളുടെ ഡ്രൈവർമാർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ മഹീന്ദ്ര പ്രസാദ്, പ്രജീഷ് ജോൺ
കല്ലടിക്കോട്: പനയമ്പാടത്ത് നാല് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ലോറികളുടെ ഡ്രൈവർമാർ അറസ്റ്റിൽ. കാസർകോട് നീലേശ്വരം മേക്കാളം കുറ്റി പ്പൊയിൽ മഹീന്ദ്ര പ്രസാദ് (28), മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി പറമ്പിൽ പ്രജീഷ് ജോൺ (27) എന്നിവരാണ് അറസ്റ്റിലായത്.
അപകടത്തില്‍ പരിക്കേറ്റ് മണ്ണാര്‍ക്കാട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും കസ്റ്റഡിയിലെടുത്താണ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു വാഹനത്തിന് അരിക് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രിക്കാനായില്ലെന്നും ചാറ്റല്‍ മഴ കാരണം വഴുതിയെന്നുമാണ് ഒരു ഡ്രൈവറുടെ മൊഴി.
അമിതവേഗത്തിൽ വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തത്. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി.
പാലക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ പള്ളിപറമ്പിൽ അബ്ദുൽ സലീമിന്റെയും ഫാരിസയുടെയും മകൾ ഇർഫാന ഷെറിൻ (13), പട്ടേത്തൊടി അബ്ദുൽ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവളേങ്ങിൽ അബ്ദുൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പ ക്കടുത്ത് പനയംപാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ നാല് പേരും.

