പനയമ്പാടത്ത് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം: റോഡ് നിർമാണത്തിൽ വലിയ പാകപിഴയെന്ന് ഐ.ഐ.ടി റിപ്പോർട്ട്
text_fieldsപനയമ്പാടത്ത് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം: റോഡ് നിർമാണത്തിൽ വലിയ പാകപിഴയെന്ന് ഐ.ഐ.ടി റിപ്പോർട്ട്പാലക്കാട്: പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിൽ റോഡ് നിർമാണത്തിൽ വലിയ പാകപിഴകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന ഐ.ഐ.ടി റിപ്പോർട്ട് പുറത്ത്. റോഡ് നിർമാണത്തിലെ വീഴ്ചകൾ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് ഐ.ഐ.ടി റിപ്പോർട്ടിൽ. ഇതൊന്നും സർക്കാർ ഗൗരവമായി പരിഗണിച്ചില്ല.
അപകടം നടന്ന റോഡിൽ സ്റ്റോപ്പ് സൈറ്റ് ദൂരം (മുന്നിൽ പോകുന്ന വാഹനത്തെ മനസിലാക്കി നിർത്താനും വേഗം കുറക്കാനും ഉള്ള കാഴ്ച ദൂരം) വളരെ കുറവാണെന്നും ഓവർ ടേക്കിങ് സൈറ്റ് ദൂരം (മറ്റൊരു വണ്ടിയെ മറികടക്കാൻ പാകത്തിന് വേണ്ട കാഴച് ദൂരവും) കുറവാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
മോട്ടോ൪ വാഹന വകുപ്പിന് വേണ്ടിയാണ് പാലക്കാട് ഐ.ഐ.ടി റിപ്പോർട്ട് തയാറാക്കിയത്. റോഡിൽ വേഗ നിയന്ത്രണ സംവിധാനം ഏ൪പ്പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 70 കിലോമീറ്റ൪ വേഗത 30 കിലോമീറ്ററാക്കി ചുരുക്കണമെന്നും ഇത് വ്യക്തമാക്കുന്ന കട്ടികൂടിയ മാ൪ക്കുകൾ റോഡിൽ വേണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകടമേഖലയെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. റോഡിന് വണ്ടികൾ തെന്നിമാറുന്നത് ഒഴിവാക്കാൻ പാകത്തിന് സ്കിഡ് റെസിറ്റൻസ് ഇല്ലെന്നും റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി.
സ്ഥിരം അപകടമേഖലയെന്ന് കണ്ടെത്തിയിട്ടും പനയംപാടത്ത് നടപ്പാക്കിയത് റോഡിലെ ഗ്രിപ്പിടൽ മാത്രമാണ്. ആറ് മാസം മുമ്പ് ഗ്രിപ്പിട്ടെങ്കിലും അതിന്‍റെ ഗുണം ലഭിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണമായ അപകടം വ്യക്തമാക്കുന്നത്.
ഒരേദിശയിൽ പോവുന്ന വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കണം. വളവുകളിൽ വശം മാറി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ഡെലിനേറ്ററുകൾ സ്ഥാപിക്കണം. റോഡും അരികിലെ മണ്ണും തമ്മിൽ ഉയര വ്യത്യാസമുണ്ട്, ഇതിന് പരിഹാരം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ ഈ നിർദേശങ്ങളൊന്നും നടപ്പാക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

