പാണക്കാട് തങ്ങൾ ആശീർവദിച്ചു; ഗീതയെ വിഷ്ണു മിന്നുചാർത്തി
text_fieldsഅമ്മാഞ്ചേരിക്കാവിൽ ഞായറാഴ്ച വിവാഹിതരായ ഗീത-വിഷ്ണു ദമ്പതികളെ പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും അനുമോദിക്കുന്നു
വേങ്ങര: അപൂർവതകൾ നിറഞ്ഞ മംഗല്യത്തിനാണ് ഞായറാഴ്ച വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രമുറ്റം സാക്ഷ്യംവഹിച്ചത്. പാലക്കാട് സ്വദേശിനി ഗീതയുടേയും കോഴിക്കോട് സ്വദേശി വിഷ്ണുവിന്റേതുമായിരുന്നു വിവാഹം. ഇവരെ പുതു ജീവിതത്തിലേക്ക് കൈപിടിച്ചാനയിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് പ്രവർത്തകരും. കലർപ്പില്ലാത്ത സൗഹാർദത്തിന്റേയും നന്മയുടെയും മനോഹരമായ ആവിഷ്കാരമായി മാറിയ ഈ വിവാഹത്തിന് ആശീർവാദവുമായി വേങ്ങര ഗ്രാമം ഒരുമിച്ചപ്പോൾ അത് നാടിന്റെയാകെ ആഘോഷമായി മാറി.
ക്ഷേത്രമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി എന്നിവർ പങ്കെടുത്തു.
വർഷങ്ങളായി വേങ്ങര മനാട്ടിപ്പറമ്പിലെ റോസ് മനാർ ഷോർട്ട്സ്റ്റേ ഹോമിലായിരുന്നു ഗീതയുടെ താമസം. പല കാരണങ്ങളാല് ഒറ്റപ്പെട്ട് പോവുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എം.ഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മനാർ. ഇവിടുത്തെ പെൺകുട്ടികളുടെ വിവാഹങ്ങൾ നാട്ടുകാർ ഏറ്റെടുത്ത് നടത്താറാണ് പതിവ്. 2017 ലും കഴിഞ്ഞ വർഷവും സമാന രീതിയിൽ കല്യാണം സംഘടിപ്പിച്ചിരുന്നു.
ഗീതയും വിഷ്ണുവും തമ്മിലുള്ള വിവാഹത്തിനും എല്ലാ ഒരുക്കങ്ങളും നടത്തിയത് വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ്. ക്ഷേത്രകമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

