ഒരു സമൂഹത്തിന്റെ സംസ്‌കാരം മനസിലാക്കാൻ അവരുടെ കലാപരമായ വാസന പഠിച്ചാല്‍ മതി -സാദിഖലി തങ്ങൾ
text_fieldsകളമശ്ശേരി: ആധ്യാത്മിക ചിന്തകളിലേക്ക് നമ്മെ കൊണ്ടുവരുന്ന സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കണമെന്ന് സി.ഐ.സി പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ. സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിന്റെ ഉദ്ഘാടനം കളമശ്ശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സമൂഹത്തിന്റെ സംസ്‌കാരം മനസിലാക്കാൻ ആ സമൂഹത്തിന്റെ കലാപരമായ വാസന പഠിച്ചാല്‍ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌നേഹത്തെക്കുറിച്ച്, അനാഥകളോടുള്ള അനുകമ്പകളെക്കുറിച്ച്, ഒറ്റപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നതിനെക്കുറിച്ചുമൊക്കെ നമ്മെ പാട്ടുകൾ ഓര്‍മപ്പെടുത്തുമ്പോള്‍ ദൈവികമായ സര്‍ഗാത്മകതയെയാണ് നാം പ്രോത്സാഹിപ്പിക്കുന്നത്. അതു തന്നെയാണ് വഫിയ്യ സംവിധാനവും മുന്നോട്ടുവെക്കുന്ന കലയും ചിന്തയുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
സി.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അധ്യക്ഷത വഹിച്ചു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സി.ഐ.സി സെക്രട്ടറി ഹബീബുല്ല ഫൈസി എന്നിവര്‍ സംസാരിച്ചു. മുസ്‌ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍, ട്രഷറര്‍ പി.എ. അഹമ്മദ് കബീര്‍, ഹുസൈന്‍ ഹാജി കോമ്പാറ എന്നിവര്‍ പങ്കെടുത്തു. ഡബ്ല്യു.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ആയിഷ നസ്മീന്‍ അരീക്കോട് സ്വാഗതവും ഫാത്തിമ ബത്തൂല്‍ കെ. നല്ലളം നന്ദിയും പറഞ്ഞു.
രണ്ട് ദിവസമായി നടക്കുന്ന കലോത്സവത്തില്‍ കോഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിനു കീഴിലുള്ള 54 വാഫി-വഫിയ്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിനമായ ഇന്നലെ വഫിയ്യകളുടെ വിവിധ കലാ മത്സരങ്ങളാണ് നടന്നത്. രാവിലെ നടന്ന ‘ബെസ്റ്റിന്‍ ഫെസ്റ്റി’ല്‍ വഫിയ്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന ഷിറിന്‍ ആമുഖപ്രഭാഷണം നടത്തി.
ഉച്ചകഴിഞ്ഞ് ‘ഉള്‍വിളികളുടെ ശരികള്‍’ പ്രമേയത്തില്‍ നടന്ന വനിത സമ്മേളനം മുന്‍ ഗവണ്‍മെന്റ് പ്ലീഡറും കേരള ഹൈകോടതി അഭിഭാഷകയുമായ അഡ്വ. വി.എച്ച്. ജാസ്മിന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.ഇ.ആര്‍.ടി പ്രഫസര്‍ ഡോ. സിന്ധ്യ, മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ, നീതു കൃഷ്ണ എന്നിവര്‍ സംസാരിച്ചു. റഹ്മ വഫിയ്യ താമരശ്ശേരി, സുമയ്യ വഫിയ്യ കുരുവമ്പലം, നസീഫ വഫിയ്യ താനൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 403 വഫിയ്യകള്‍ ഇന്നലെ സനദ് സ്വീകരിച്ചു. വാഫികളുടെ കലാമേള വ്യാഴാഴ്ച തുടരും. തുടര്‍ന്ന് അറുന്നൂറോളം വരുന്ന വാഫികള്‍ സനദ് സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.