സമസ്തയുമായുള്ള തലമുറകളുടെ ബന്ധം ഉപേക്ഷിക്കാനാവില്ല -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ പാണക്കാട് തങ്ങൾ ഖാദി ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹല്ല് നേതൃസംഗമം സയ്യിദ് നിസാർ അഹമദ് ഹസനി ഖാദിരി ഉദ്ഘാടനം ചെയ്യുന്നു. സാദിഖ് അലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദ് അലി ശിഹാബ് തങ്ങൾ, ബഷീർ അലി ശിഹാബ് തങ്ങൾ, റഷീദ് അലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ തുടങ്ങിയവർ സമീപം
കോഴിക്കോട്: പാണക്കാട് കുടുംബത്തിന്റെ സമസ്തയുമായുള്ള ബന്ധം തലമുറകളായി കിട്ടിയതാണെന്നും അത് മറച്ചുവെക്കാനോ മറന്നുവെക്കാനോ ഉപേക്ഷിച്ച് പോകാനോ തങ്ങളുടെ രക്തബന്ധം അനുവദിക്കില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബാംഗങ്ങൾ ഖാദിമാരായ മഹല്ലുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സുഗമമാക്കാനുമായി രൂപവത്കരിച്ച പാണക്കാട് ഖാദി ഫൗണ്ടേഷന്റെ ആദ്യത്തെ മഹല്ല് സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികൾ നേരിടുമ്പോഴെല്ലാം സമസ്തയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ട്. മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളുമെല്ലാം സമസ്തയുടെ ഭാഗമായിരുന്നു. അവരുടെ പിൻമുറക്കാർ എല്ലാവരും സമസ്തയുടെ വിവിധ കീഴ്ഘടകങ്ങളുടെ ഭാരവാഹികളോ മുന്നിൽനിൽക്കുന്നവരോ ഏതെങ്കിലും നേതൃത്വത്തിൽ പ്രവർത്തിക്കുന്നവരോ ആണ്. ഖാദി ഫൗണ്ടേഷൻ എന്തിനാണെന്ന് ചിലരൊക്കെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിനുള്ള മറുപടി സമസ്തയെ ശക്തിപ്പെടുത്താനാണ് എന്നാണ്. സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങൾ മഹല്ലുകളിൽ ഉറപ്പിച്ചുനിർത്തുകയാണ് ലക്ഷ്യം.
പ്രവാചകന്റെ വാക്കും നോക്കും ചര്യയും നടത്തവും ചലനവുമെല്ലാം സമ്പൂർണമായി അനുസരിക്കുക എന്നതാണ് സമസ്തയുടെ സത്യസരണി. അതിനെ മഹല്ലുകളിൽ ശക്തിപ്പെടുത്തുകയാണ് പ്രധാന ദൗത്യം. പ്രതിസന്ധികൾ നേരിടുന്ന, ബഹുസ്വരതക്ക് കോട്ടംതട്ടുന്ന പ്രചാരണം നടക്കുമ്പോൾ സ്നേഹവും സൗഹാർദവും ഊട്ടിയുറപ്പിച്ചാലേ നേട്ടങ്ങളുണ്ടാക്കാനും അവകാശ സംരക്ഷണത്തിനും കഴിയൂ. സമസ്തയുടെ നേതാക്കളെല്ലാം അതാണ് ചെയ്തത്. ശരീഅത്ത് വിവാദകാലത്ത് ശംസുൽ ഉലമയും ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുമൊക്കെ ഒന്നിച്ചണിനിരന്ന് ഇസ്ലാമിന്റെ സംരക്ഷണത്തിന് ഒന്നിച്ചിറങ്ങിയതാണ് ചരിത്രം.
ആ ഐക്യം മഹല്ലുകളിൽ നിലനിർത്തുക എന്നത് കാലത്തിന്റെ ആവശ്യമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ രംഗത്തുമുള്ള സേവനം ഒന്നായി കൊണ്ടുപോകാൻ ഏറ്റവും നല്ല നേതൃത്വം വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. അതാണ് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളുമൊക്കെ കാണിച്ചത്. ആ നിലയിൽതന്നെ മുന്നോട്ടുപോകണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് മഹല്ല് പ്രതിനിധികൾ പ്രകടിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കർണാടകയിലെ പ്രമുഖ പണ്ഡിതൻ നിസാർ അഹ്മദ് ഹസനി ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ ആദരവസ്ത്രം അണിയിച്ചു. സമസ്ത ജന.സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പതാക ഉയർത്തി. എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ നെല്ലായ പ്രാർഥന നടത്തി. എം.ടി. അബ്ദുല്ല മുസ്ലിയാർ, ഉമർ മുസ്ലിയാർ കോയ്യോട്, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ.ടി. ഹംസ മുസ്ലിയാർ വയനാട്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, എം.സി. മായിൻഹാജി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

