സമ്മേളനത്തിൽ പെങ്കടുക്കുന്നത് പാണക്കാട് കുടുംബം ചർച്ച ചെയ്യും
text_fieldsമലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങളും റഷീദലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നതിനെതിരെ സമസ്ത കേരള ജംഇയ്യതുൽ ഉലമ നിലപാടെടുത്ത സാഹചര്യത്തിൽ വിഷയം പാണക്കാട് കുടുംബം ചർച്ച ചെയ്യും. മുതിർന്ന അംഗവും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത ഉപാധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയടക്കം നിർദേശമനുസരിച്ചാകും ശനിയാഴ്ചത്തെ യുവജന സമ്മേളനത്തിൽ മുനവ്വറലി തങ്ങളും പള്ളി, മദ്റസ, മഹല്ല് സമ്മേളനത്തിൽ റഷീദലി തങ്ങളും സംബന്ധിക്കുക. കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് കൂടിയായ മുനവ്വറലി തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങൾ സ്ഥലത്തില്ലെന്നും അദ്ദേഹത്തിേൻറതുൾപ്പെടെയുള്ള അഭിപ്രായം തേടുമെന്നും മുനവ്വറലി തങ്ങൾ വ്യക്തമാക്കി. വഖഫ് ബോർഡ് ചെയർമാനെന്ന നിലയിലാണ് റഷീദലി തങ്ങളെ ക്ഷണിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു തീരുമാനമെങ്കിലും സമസ്തയുടെ പ്രസ്താവന വന്നതിനാൽ ആലോചിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പലരും ഫോണിലും മറ്റും ബന്ധപ്പെട്ടിരുന്നു. ഔദ്യോഗിക നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തതെന്നും പങ്കെടുക്കുന്നവർതന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. യൂത്ത് ലീഗ് പ്രസിഡൻറ്, വഖഫ് ബോർഡ് ചെയർമാൻ എന്നീ നിലകളിലല്ലേ അവരെ ക്ഷണിച്ചതെന്ന ചോദ്യത്തിന് സുന്നികൾ പങ്കെടുക്കുന്നത് സംബന്ധിച്ച നിലപാടാണ് സമസ്ത പറഞ്ഞതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
മുജാഹിദ് സമ്മേളന നോട്ടീസിൽ പാണക്കാട് കുടുംബാംഗങ്ങളുടെ പേര് കണ്ടത് മുതൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയാണ് സമസ്തയുടെ ഇടപെടലിലേക്ക് നയിച്ചത്. പങ്കെടുക്കുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും അനുകൂലമായി യൂത്ത് ലീഗുകാരും രംഗത്തെത്തി. തീരുമാനത്തിലുറച്ച് റഷീദലി തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ലീഗ് നേതൃത്വം മൗനം പാലിച്ചപ്പോൾ, മതനവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന നിലപാടിൽ മാറ്റമില്ലെന്ന് സമസ്ത വ്യക്തമാക്കി. സലഫികളെ വെള്ളപൂശാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ചില സുന്നികളെ സമ്മേളനത്തിന് ക്ഷണിച്ചതെന്നും പ്രസ്താവനയിൽ അറിയിച്ചു. മുജാഹിദ് സമ്മേളനത്തിൽ തങ്ങൾ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതിനെതിരെ കടുത്ത വിമർശനമുയർത്തുന്ന റഹ്മത്തുല്ല ഖാസിമിയുടെ വോയ്സ് ക്ലിപ്പും വ്യാപകമായി പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
