പമ്പ - സന്നിധാനം പരമ്പരാഗത പാത തുറന്നു
text_fieldsശബരിമല: പമ്പ-സന്നിധാനം പരമ്പരാഗത പാത തീർഥാടകർക്കായി തുറന്നു. പമ്പയില്‍നിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാതയാണ് ഞായറാഴ്ച പുലർച്ച രണ്ടു മുതൽ തുറന്നത്. രാത്രി എട്ടുവരെ തീര്‍ഥാടകരെ കടത്തിവിടും.
മുഖ്യമന്ത്രിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ വെള്ളിയാഴ്ച നടത്തിയ ചർച്ചയെ തുടർന്ന് കലക്ടർ വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. സ്വാമി അയ്യപ്പൻ റോഡ് വഴിയും വന്നുപോകാവുന്നതാണ്. പരമ്പരാഗത പാതയില്‍ മരാമത്ത്, വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പാതയില്‍ ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെൻററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെൻററും പ്രവര്‍ത്തിക്കും.
കുടിവെള്ളത്തിനായി 44 കിയോസ്കും ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്ലെറ്റ് യൂനിറ്റും തയാറായി. അയ്യപ്പസേവ സംഘത്തിെൻറ 40 വളൻറിയര്‍മാര്‍ അടങ്ങുന്ന സ്ട്രെച്ചര്‍ യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് ഞായറാഴ്ച രാത്രി മുതല്‍ തങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി 500 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി 12 മണിക്കൂര്‍വരെ താമസിക്കാം. മുറികള്‍ ആവശ്യമുള്ളവര്‍ക്ക് സന്നിധാനത്ത് എത്തി ബുക്ക് ചെയ്യാം. എന്നാൽ, തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള അനുമതി നൽകിയിട്ടില്ല.
കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

