പമ്പ-സന്നിധാനം രാത്രിയാത്ര വിലക്ക് നീക്കി
text_fieldsശബരിമല: പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര നിരോധനം പിൻവലിച്ചതായി െഎ.ജി വിജയ് സാക്കറെ അറിയിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച ഹൈകോടതി നിർദേശത്തെ തുടർന്നാണ് െഎ.ജിയുടെ നടപടി.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് െഎ.ജി പുറത്തിറക്കിയത്. തീർഥാടനം തുടങ്ങിയ ശേഷം സംഘർഷ നിയന്ത്രണത്തിെൻറ ഭാഗമായി പമ്പയിൽനിന്ന് സന്നിധാനത്തേക്ക് രാത്രി 9.30 മുതൽ 12വരെ ഭക്തരെ കടത്തിവിട്ടിരുന്നില്ല. ഇത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
രാത്രി നിലക്കലിൽ എത്തുന്ന തീർഥാടകർ അവിടെ തന്നെ തങ്ങേണ്ട അവസ്ഥയായിരുന്നു. നിലക്കലിൽ വിരിവെക്കുന്നതിനോ വിശ്രമിക്കുന്നതിനോ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത് തീർഥാടകരെ വലച്ചിരുന്നു. സന്നിധാനത്ത് നടപ്പന്തലിൽ തങ്ങുന്നതിനുള്ള നിയന്ത്രണം നീക്കിയതോടെ കൂടുതൽ പേർക്ക് സന്നിധാനത്ത് തങ്ങാൻ അവസരം ഒരുങ്ങി.
