ബാലനെയും സജി ചെറിയാനെയും തള്ളി പാലോളി മുഹമ്മദ് കുട്ടി; ആർ.എസ്.എസും ജമാ അത്തെ ഇസ്ലാമിയും ഒരുപോലെയല്ല
text_fieldsപാലക്കാട്: എ.കെ ബാലന്‍റെയും സജി ചെറിയാന്‍റെയും നിലപാടുകൾ തള്ളി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലന്‍റെ വിദ്വേഷ പ്രസ്താവനക്കെതിരെയാണ് മുതിർന്ന സി.പി.എം നേതാവ് രംഗത്തെത്തിയത്.
ബാലന്റെ പ്രസ്താവന അസംബന്ധമാണ്. എ.കെ ബാലൻ മുമ്പ് ലീഗിനെ പുകഴ്ത്തി പറഞ്ഞത് അടക്കമുള്ള പ്രതികരണങ്ങളും അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർ.എസ്.എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറഞ്ഞു.
സജി ചെറിയാൻ്റെ പ്രസ്താവനയും പാടില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബാലനെയും സജി ചെറിയാൻ്റെയും പ്രസ്താവനകൾ പാർട്ടി തിരുത്തുമെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ...? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല -അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് കേന്ദ്രസർക്കാറിൻ്റെ നയങ്ങളെ എതിർക്കുന്നതിൽ ജമാഅത്തെ ഇസ്‌ലാമിക്കും സി.പി.എമ്മിനും ഒരേ നിലപാട് ആയതിനാലാണ് പരസ്പരം സഹകരിച്ചതെന്നും പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി.
ഐഷ പോറ്റി സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന വിഷയത്തിലും പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു. പാർലമെൻ്ററി മോഹം കമ്മ്യൂണിസ്റ്റുകാരിലും ഉണ്ട്. അത് ചിലരിൽ കൂടുതലായി കാണുന്നുവെന്നും പാലോളി മുഹമ്മദ് കുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

