പാലോട് മാലിന്യ പ്ലാൻറ്: പാരിസ്ഥിതികാഘാത റിപ്പോർട്ട് തയാറാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: പാലോട് ഇലവുപാലം ഓടുചുട്ടപടുക്കയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്കരണ പ്ലാൻറിനെക്കുറിച്ച് പാരിസ്ഥിതികാഘാത റിപ്പോർട്ട് തയാറാക്കാൻ നിർദേശം. കലക്ടർ ഡോ. കെ. വാസുകിയാണ് നിർദേശം നൽകിയത്. പഠനത്തിന് പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ഗവേഷണകേന്ദ്രത്തെ (ടി.ബി.ജി.ആർ.ഐ) നിയോഗിച്ചു. പഠന റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ കലക്ടർ സർക്കാറിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകൂ.
തിരുവനന്തപുരം ഡി.എഫ്.ഒ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകിയതിെൻറ അടിസ്ഥാനത്തിലാണ് കലക്ടർ പുതിയ റിപ്പോർട്ട് തയാറാക്കാൻ ആവശ്യപ്പെട്ടത്. സിംഹം ഒഴികെ മറ്റു വന്യമൃഗങ്ങളുടെ ആവാസമേഖലയും ആനയുടെ പ്രജനനമേഖലയുമാണ് പ്രദേശം. ലോകത്ത് അപൂർവമായ ശുദ്ധജല കണ്ടല്‍ക്കാടുകളായ കാട്ടുജാതിക്കാമരങ്ങളാല്‍ സമൃദ്ധമായ ചതുപ്പുകളാണിവിടം. ഒപ്പം 300 മീറ്റര്‍ അടുത്ത് 65 ആദിവാസി വീടുകളുമുണ്ടെന്നും ഡി.എഫ്.ഒ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, മെഡിക്കൽ മാലിന്യസംസ്കരണ പ്ലാൻറിനെക്കുറിച്ച് നേരത്തേ പാരിസ്ഥിതികാഘാത പഠനം നടത്തിയത് അണ്ണാമല യൂനിവേഴ്സിറ്റിയാണ്.
യാഥാര്‍ഥ്യങ്ങൾ മറച്ചുവെച്ചുള്ള പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ടാണ് അണ്ണാമല യൂനിവേഴ്സിറ്റി തയാറാക്കിയതെന്ന് ആക്ഷേപമുയർന്നിരുന്നു. പദ്ധതി പ്രദേശത്തിനടുത്ത് ആദിവാസി കോളനിയില്ല, തണ്ണീര്ത്തടമില്ല, സംരക്ഷിത പ്രദേശമില്ല എന്നാണ് ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. അതേസമയം, ഭൂരേഖകളനുസരിച്ച് ഇമേജ് എന്ന സ്വകാര്യസ്ഥാപനം ആശുപത്രി മാലിന്യസംസ്കരണ പ്ലാൻറിന് വാങ്ങിയ സ്ഥലം പരിസ്ഥിതി ദുര്‍ബലപ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വനമേഖലയ്ക്കകത്താണ്.
കേന്ദ്ര ജൈവവൈവിധ്യ പരിപാലന നിയമം, വന്യജീവി സംരക്ഷണനിയമം, വനസംരക്ഷണ നിയമം, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം, വനാവകാശ നിയമം -എന്നിവ ലംഘിച്ചാൽ മാത്രമേ ഇവിടെ പ്ലാൻറിന് അനുമതി നൽകാൻ കഴിയൂ. ഇതിൽ പലതും കേന്ദ്ര നിയമവുമാണ്. പൊന്മുടി സംരക്ഷിതവനമേഖലയുടെ തണ്ണീര്‍ത്തടമാണ് പദ്ധതി പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
