പള്ളിവാസലിൽ പാറ വീണ് മൂന്ന് വാഹനങ്ങൾ തകർന്നു; ഉറങ്ങിക്കിടന്ന ഡ്രൈവർമാർ രക്ഷപ്പെട്ടു
text_fieldsമൂന്നാർ: പള്ളിവാസൽ വൈദ്യുതി നിലയത്തിനടുത്ത് റിസോർട്ടിന് സമീപത്തെ മലമുകളിൽനിന്ന് കൂറ്റൻ പാറ അടർന്നുവീണ് മൂന്ന് കാറുകൾ തകർന്നു. വാഹനങ്ങളിൽ ഉറങ്ങിക്കിടന്ന ഡ്രൈവർമാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.30ഒാടെയാണ് സംഭവം. പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ടിെൻറ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട മൂന്ന് ഇന്നോവ കാറുകളാണ് തകർന്നത്. റിസോർട്ടിനോട് ചേർന്ന് 2000 അടിയോളം ഉയരമുള്ള മലയുടെ മുകളിൽനിന്ന് കല്ലുകൾ താഴേക്ക് പതിക്കുകയായിരുന്നു. വാഹനങ്ങൾക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർമാരായ കരിമ്പൻ സ്വദേശി ബിനോയ്, പട്ടാമ്പി സ്വദേശി ഷെമിൻ, പാലക്കാട് സ്വദേശി മോൻസൻ എന്നിവർ പാറ ഉരുണ്ടുവരുന്ന ശബ്്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
വാഹനങ്ങളിൽ പതിച്ച പാറ തൊട്ടടുത്ത് റിസോർട്ടിെൻറ ചുറ്റുമതിലിൽ തട്ടിയാണ് നിന്നത്. ഇവിടെ നിന്ന് 200 അടി താഴ്ചയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളാണ്. ഇവിടേക്ക് പാറ വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥലം സന്ദർശിച്ച ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ തൊഴിലാളികളെ മാറ്റിപാർപ്പിക്കണമെന്നും കൂടുതൽ മുൻകരുതൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്ക് റിപ്പോർട്ട് നൽകി. ചട്ടം ലംഘിച്ച് ബഹുനില മന്ദിരങ്ങളുടെ നിർമാണം നടക്കുന്ന മേഖലയിലാണ് അപകടം. വൻ മലകൾ ഇടിച്ചുനിരത്തിയും മണ്ണെടുത്തും നിർമാണം നടത്തുന്നത് മൂലമുണ്ടാകുന്ന ഇളക്കങ്ങളാണ് പാറകൾ അടരാൻ കാരണമെന്ന് പറയുന്നു.
വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണം തടയണമെന്ന് നിയമസഭ സമിതി കഴിഞ്ഞദിവസം ശിപാർശ ചെയ്ത പരിസ്ഥിതിലോല മേഖലയിൽെപടുന്ന പ്രദേശത്താണ് പാറ അടർന്നുവീണത്. അധികൃതരുടെ വിലക്ക് ലംഘിച്ച് പള്ളിവാസൽ വൈദ്യുതി നിലയത്തിനു സമീപം നിരവധി വൻകിട കെട്ടിടങ്ങളാണ് റിയൽ എസ്റ്റേറ്റ് മാഫിയ പണിതുയർത്തുന്നത് .പരിസ്ഥിതിലോല പ്രദേശമായ പള്ളിവാസലിൽ 250തിലധികം റിസോർട്ടുകൾ സർക്കാർ അനുമതിയില്ലാതെ നിർമിച്ചതായി റവന്യൂഅധികൃതർ കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇവക്കെതിരെ നടപടിയൊന്നും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
