പള്ളിവാസൽ മലനിരകൾ അപകടസാധ്യത മേഖലയിെലന്ന് റിപ്പോർട്ട്
text_fieldsതൊടുപുഴ: മൂന്നാർ പള്ളിവാസലിലെ മലനിരകൾ പാറയിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ അപകടാവസ്ഥയിലെന്ന് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ശാസ്ത്രജ്ഞർ. വൻ പാറയിടിച്ചിലിന് സാധ്യതയുള്ള മേഖലയിൽ സുരക്ഷ നടപടിയെടുക്കണമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. 2000 അടിയോളം ഉയരമുള്ള മലകളുള്ള ഇൗ പ്രദേശത്ത് കീഴ്ക്കാംതൂക്കായതും കുത്തനെയും ചരിഞ്ഞുമുള്ള പാറക്കെട്ടുകളാണ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രദേശത്ത് നാല് ബഹുനില റിസോർട്ടുകളുമുണ്ട്. ഇത്തരം നിർമിതികൾ അനുവദിക്കരുതെന്ന മുന്നറിയിപ്പുണ്ടായിരിക്കെ നടന്ന നിർമാണപ്രവൃത്തിമൂലമുണ്ടായ ആഘാതവും പാറനിരകൾ ദുർബലമാകാൻ കാരണമായെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ചട്ടം ലംഘിച്ച് ബഹുനില മന്ദിരങ്ങളുടെ നിർമാണം നടക്കുന്ന മേഖലയും പള്ളിവാസൽ വൈദ്യുതി നിലയത്തോടുചേർന്ന പ്രദേശവുമാണിത്.
കൂറ്റൻ പാറ അടർന്നുവീണ് അപകടമുണ്ടായ പശ്ചാത്തലത്തിലാണ് ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ശാസ്ത്രജ്ഞർ പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്. മുൻകരുതലെന്നോണം പാറക്കെട്ടുകൾ ഉരുക്കുവലകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നും അടിഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്നും ജിയോളജിക്കൽ സർവേ വിഭാഗം നിർദേശിക്കുന്നു. ദുരന്തസാധ്യത നിലനിൽക്കുന്നതിനാൽ വിദഗ്ധസംഘത്തെക്കൊണ്ട് വിശദപഠനം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
മാർച്ച് 14ന് രാത്രി 11.30ഒാടെ പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിെൻറ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട മൂന്ന് ഇന്നോവ കാറുകളാണ് പാറവീണ് തകർന്നത്. വാഹനങ്ങളിൽ ഉറങ്ങിക്കിടന്ന ഡ്രൈവർമാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനങ്ങളിൽ പതിച്ച പാറ റിസോർട്ടിെൻറ ചുറ്റുമതിലിൽ തട്ടിയാണ് നിന്നത്. ഇവിടെനിന്ന് 200 അടി താഴ്ചയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളാണ്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണം തടയണമെന്ന് നിയമസഭ സമിതി ശിപാർശചെയ്ത പരിസ്ഥിതിലോല മേഖലയിൽെപടുന്ന പ്രദേശം സംബന്ധിച്ചുമാണ് ശാസ്ത്രജ്ഞർ റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
