ടോള്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു -ഷാജി കോടങ്കണ്ടത്ത്
text_fieldsഷാജി കോടങ്കണ്ടത്ത്
തൃശൂര്‍: പാലിയേക്കരയിലെ ടോള്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹൈക്കോടതിയിലെ ഹരജിക്കാരനായ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ടോള്‍ പിരിക്കുന്നത് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും നല്‍കിയ അപ്പീലുകളില്‍ രണ്ടു ദിവസമാണ് സുപ്രീം കോടതിയില്‍ വാദം നടന്നത്. അപ്പീലുകളില്‍ സംസ്ഥാന സര്‍ക്കാരും എതിര്‍കക്ഷികളാണ്. എന്നിട്ടും ജനം റോഡില്‍ അനുഭവിക്കുന്ന ദുരിതം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍മാര്‍ ആരും വാദം നടന്ന രണ്ടുദിവസവും കോടതിയില്‍ ഹാജരായില്ല. ഇതുവഴി കരാര്‍ കമ്പനിക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. റോഡില്‍ നരകയാതന അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി ആയി മാത്രമേ ഇതിനെ കാണാനാവൂ.
ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സുപ്രീം കോടതിയെ സമീപിക്കുമെന്നത് സ്വാഭാവികമായും എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ സാഹചര്യത്തിലാണ് തടസ ഹരജിയുമായി താന്‍ സുപ്രീം കോടതിയിലെത്തിയതെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും സുപ്രീം കോടതിയില്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ അവതരിപ്പിച്ച് പോകുന്നത് ഒഴിവാക്കാനായത് ഇതുമൂലമാണ്. മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗത കുരുക്കിനെ കുറിച്ചും സര്‍വിസ് റോഡുകള്‍ തകര്‍ന്ന് കിടക്കുന്നതിനെ കുറിച്ചും കോടതിയില്‍ ആധികാരിക വിവരം നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാരാണ് വാദം നടന്ന വേളകളില്‍ ഒളിച്ചുകളി നടത്തിയത്. റോഡില്‍ യാത്രക്കാര്‍ നേരിടുന്ന ദുരവസ്ഥയും വ്യക്തിപരമായ അനുഭവങ്ങളും സുപ്രീ കോടതി ജഡ്ജിമാര്‍ തന്നെ വാദത്തിനിടെ പങ്കുവെയ്ക്കുകയുണ്ടായി. എന്നിട്ടും റോഡിലെ ദുരിതം കോടതിയിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് കരാര്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും ഒത്തുകളിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മണ്ണുത്തതി വടക്കുഞ്ചേരി ദേശീയപാതയുടെ നിര്‍മാണ വേളയിലും റോഡിന്റെ പണി പൂര്‍ത്തിയാക്കാതെ തുറന്ന് കൊടുത്തപ്പോഴും കുതിരാന്‍ തുരങ്കം അടച്ചിട്ടപ്പോഴൂം സംസ്ഥാന സര്‍ക്കാര്‍ ഈ കരാര്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കുമെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയാറായിരുന്നില്ല. പന്നിയങ്കര ടോള്‍ പ്ലാസയുടെ സമീപവാസികളായവരുടെ പാസ് നിര്‍ത്തലാക്കാന്‍ കരാര്‍ കമ്പനി നീക്കം നടത്തുമ്പോഴും സര്‍ക്കാര്‍ നിസംഗതയിലാണ്. തമിഴ്‌നാട് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ നോട്ടീസ് നല്‍കിയ കമ്പനിയാണ് ദേശീയപാതില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനങ്ങളെ കബളിപ്പിക്കാതെ അവരുടെ ദുരിതം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ക്രിയാത്മകമായി ഇടപെടണമെന്ന് ഷാജി കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

