റോഡ് മോശമാണെങ്കിൽ ടോൾ പിരിക്കാൻ പാടില്ല; നൽകുന്ന പണത്തിന് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ടോൾ ബൂത്തിൽ പണം നൽകുന്ന യാത്രക്കാർക്ക് ദേശീയ പാതയുടെ സേവനം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി.
തൃശൂർ -ഇടപ്പള്ളി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പാലിയേക്കരയിൽ ടോൾ പിരിവ് തുടരുന്നതിനെതിരായ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. സേവനം മോശമായിട്ടും ടോൾ നൽകേണ്ടിവരുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്താണ് ഹരജി നൽകിയത്.
റോഡ് മോശമായി യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടിയ കോടതി, ഹരജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.
പാത സ്തംഭിക്കുന്ന സഹചര്യമുണ്ടായാലല്ലാതെ ഗതാഗതക്കുരുക്കിന്റെ പേരിൽ ടോൾ പിരിവ് നിർത്താനാവില്ലെന്ന് കേന്ദ്രത്തിന് വേണ്ടി അസി. സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. രണ്ടും തമ്മിൽ ബന്ധപ്പെടുത്താനാവില്ലെന്നും വാദിച്ചു. എന്നാൽ, ദേശീയ പാതയിലെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗതക്കുരുക്കെന്നും സ്വാഭാവിക പ്രതിഭാസമല്ലെന്നും കോടതി പറഞ്ഞു. നൽകുന്ന പണത്തിന് സേവനം നൽകാൻ ദേശീയപാത അതോറിറ്റി ബാധ്യസ്ഥരാണ്. തുടർന്ന്, വിശദീകരണത്തിന് കേന്ദ്രം സമയം തേടുകയായിരുന്നു.
ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും വൻതോതിൽ ലാഭം കൊയ്ത സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾപിരിവ് അവസാനിപ്പിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

