മഹാമാരിക്കാലത്തും വേദനകൾ തേൻ തുള്ളിയാക്കുന്നവർ
text_fieldsമലപ്പുറം: ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയും ആശങ്കയോടെ മാത്രം പരസ്പരം കാണുകയും ചെയ്യുന്ന കോവിഡ് കാലത്ത് കരുണയും സ്നേഹവും സഹാനുഭൂതിയും ഊർജമാക്കി പ്രവർത്തിക്കുന്നൊരു വിഭാഗമുണ്ട്. പാലിയേറ്റിവ് കെയർ വളൻറിയർമാരെയും നഴ്സുമാരെയും ഡോക്ടർമാരെയും സംബന്ധിച്ച് മഹാമാരി ഉയർത്തിയ ഭീഷണി സേവന സന്നദ്ധതയും കർത്തവ്യബോധവും കൂട്ടിയിട്ടേയുള്ളൂ. മുമ്പത്തേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോൾ സ്വന്തം ആരോഗ്യം കൂടി നോക്കേണ്ട അധികബാധ്യത ഇവർക്കുണ്ട്.
കോവിഡ് നാളുകളിലെ ജോലിഭാരം
ആശുപത്രികളിൽ അഡ്മിറ്റ് രോഗികളുടെ എണ്ണം കുറച്ച സാഹചര്യത്തിൽ പാലിയേറ്റിവ് കെയറിെൻറ ജോലിഭാരം വർധിച്ചിരിക്കുകയാണ്. ജില്ലയിലെ പല ക്ലിനിക്കുകൾക്ക് കീഴിലും 500 രോഗികളെ വരെ പരിചരിക്കുന്നുണ്ട്. അർബുദബാധിതർക്കാണ് പ്രഥമ പരിഗണനയെങ്കിലും കിടപ്പിലായവർ, വൃക്ക, പ്രമേഹ, ശ്വാസതടസ്സ പ്രശ്നങ്ങളുള്ളവർ, നോക്കാനാളില്ലാത്തവർ തുടങ്ങി വിവിധ തരത്തിൽ ആതുരസേവനം ആവശ്യമുള്ളവർക്കരികിൽ ഇവരെത്തുന്നു. ആവശ്യമായി സുരക്ഷ മുൻകരുതലെടുത്തുകൊണ്ട് തന്നെയാണ് പരിചരണം.
എന്നാൽ, ക്വാറൻറീൻ വിവരങ്ങൾ മറച്ചുവെക്കുന്ന ചില വീട്ടുകാരുണ്ട്. ഇത് വഴി ജില്ലയിലെ പാലിയേറ്റിവ് കെയർ ഡോക്ടർമാരും നഴ്സുമാരും വളൻറിയർമാരും കോവിഡ് പോസിറ്റിവായ സംഭവങ്ങളുണ്ടായി. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കായിരുന്നു പാലിയേറ്റിവ് ക്ലിനിക്കുകളുടെ സേവനം മുമ്പ് കൂടുതൽ ആവശ്യമുണ്ടായിരുന്നത്.
എന്നാൽ, കോവിഡ് കാലത്ത് സാഹചര്യം മാറി. സാമ്പത്തിക ശേഷിയുള്ളവർക്കും ആശുപത്രികളിൽ പോവാൻ കഴിയാത്ത അവസ്ഥയിൽ ഇവരുടെ സഹായം തേടുന്നു. പാലിയേറ്റിവ് ക്ലിനിക്കുകളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വളൻറിയർമാരുടെയും സേവനം സൗജന്യമായി ലഭ്യമാണ്.
അന്നും ഇന്നും വീട്ടിലെത്തി പരിചരണം
അർബുദ, വൃക്ക, ഹൃദ്രോഗബാധിതരുള്ള കുടുംബം സാമ്പത്തികമായും മാനസികമായും തകരുകയും തളരുകയും ചെയ്യുന്നുണ്ട്. ഇവിടെയാണ് പാലിയേറ്റിവ് കെയർ പ്രസക്തമാവുന്നത്. മുറിവ് കെട്ടാൻ മാത്രം 1,000 രൂപയിലധികം ചെലവ് വരുന്ന കാലത്ത് എല്ലാ കാര്യങ്ങളും വീട്ടിെലത്തി നിർവഹിക്കുകയാണ് ഹോം കെയർ യൂനിറ്റുകൾ.
പുഴുവരിക്കുന്ന അവസ്ഥയിൽവരെ കഴിയുന്നവരെ കുളിപ്പിച്ചും പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ സഹായിച്ചും മരുന്നും മറ്റു പരിചരണവും നൽകിയും ഡോക്ടർമാരും നഴ്സുമാരും വളൻറിയർമാരും സേവനമനുഷ്ഠിക്കുകയാണ്. മാസത്തിലോ ആഴ്ചയിലോ ദിവസത്തിലോ സേവനം ആവശ്യമുള്ളവരുണ്ട്. ദിവസേന സഹായം വേണ്ടവർക്ക് അതത് നാട്ടിൽത്തന്നെ വളൻറിയർമാരെ ഏർപ്പാടാക്കും. അടിയന്തര ഘട്ടങ്ങളിൽ എപ്പോൾ വിളിച്ചാലും കോൾ ഡ്യൂട്ടിയിലുള്ളവരെത്തും.
രോഗികൾക്ക് നഖം വെട്ടിക്കൊടുത്തും പല്ലുതേച്ചും മുടി ചീകിക്കൊടുത്തും വീടും പരിസരവും വൃത്തിയാക്കിയും കുടുംബാംഗങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ പരിചരണരീതികള് പഠിപ്പിച്ചും കൂടെ നിന്ന് നിരന്തരമായ പ്രവര്ത്തനങ്ങളിലൂടെ താൽപര്യമില്ലാത്തയാളുകളെയും മാറ്റിയെടുത്തുമെല്ലാം മുന്നോട്ട് പോവുന്നു.
കട്ടിൽ, എയർ ബെഡ്, വാട്ടർ ബെഡ്, ഓക്സിജൻ സിലിണ്ടർ, വീൽചെയർ, മരുന്ന് തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കും. ഡയാലിസിസ് ചെയ്യുന്നവർക്ക് ഡയലൈസറും പ്രതിമാസം 2000 രൂപ സാമ്പത്തിക സഹായവും നൽകുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യവും പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും ആവശ്യത്തിന് അനുസരിച്ച് എത്തിക്കാറുമുണ്ട്.
പ്രതിസന്ധി സാമ്പത്തികം മാത്രം
മലപ്പുറം ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയർ (എം.ഐ.പി) സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ രണ്ട് മേഖലകളിലായി ആകെ 91 പാലിയേറ്റിവ് ക്ലിനിക്കുകളാണ് ജില്ലയിലുള്ളത്. കിഴക്കൻ മേഖല മഞ്ചേരിയും പടിഞ്ഞാറൻ മേഖല തിരൂരും ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.
ആകെ 15 ഡോക്ടർമാരും 220 നഴ്സുമാരും. ചെറിയ ക്ലിനിക്കിൽ 20നടുത്തും വലുതിൽ 50 വരെയും വളൻറിയർമാർ. ചില ക്ലിനിക്കുകൾക്ക് കീഴിൽ അഞ്ച് ഹോം കെയർ യൂനിറ്റുകളുണ്ട്. ഒരു യൂനിറ്റെങ്കിലുമില്ലാത്ത ക്ലിനിക്കില്ല. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധി പാലിയേറ്റിവ് പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും സേവനത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലയെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ജില്ലയിൽ പ്രതിവർഷം 18 കോടി രൂപ വരെ ചെലവാകും. ജനുവരി 15ന് പാലിയേറ്റിവ് കെയർ ദിനത്തിൽ നടക്കുന്ന പിരിവ് വഴിയും റമദാൻ മാസം ലഭിക്കുന്ന സഹായത്തിലൂടെയുമാണ് പണം കണ്ടെത്തുന്നത്.
ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രതിഫലം നൽകും. സൗജന്യ സേവനത്തിന് തയ്യാറുള്ളവരെ മാത്രമേ വളൻറിയർമാരായി എടുക്കൂ. സ്വന്തം ആരോഗ്യത്തേക്കാളേറെ പ്രയാസമനുഭവിക്കുന്നവർക്ക് പരിഗണന നൽകുന്നവരെ മുന്നോട്ട് പോക്കിന് ഉദാരമതികളുടെ പിന്തുണ കൂടിയേ തീരൂവെന്ന് പാലിയേറ്റിവ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.