ഫലസ്തീനിലേത് മുസ്ലിം-ജൂത വിഷയമല്ല; മാനുഷികപ്രശ്നം -ഫലസ്തീൻ അംബാസഡർ
text_fieldsമുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി എറണാകുളം മറൈൻഡ്രൈവിൽ സംഘടിപ്പിച്ച ഗസ്സ ഐക്യദാർഢ്യ സമ്മേളനത്തിൽ ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് സംസാരിക്കുന്നു
കൊച്ചി: ഫലസ്തീനിൽ നടക്കുന്നത് മുസ്ലിം-ജൂത സമുദായങ്ങൾക്കിടയിലുള്ള വിഷയമല്ലെന്നും അങ്ങനെയാണെന്ന് സയണിസ്റ്റ് പ്രസ്ഥാനം പ്രചരിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഗസ്സ ഐക്യദാര്‍ഢ്യ സദസ്സിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനിൽ അരങ്ങേറുന്നത് തികച്ചും മാനുഷികപ്രശ്നമാണ്, അന്താരാഷ്ട്ര നിയമവുമായി ബന്ധപ്പെട്ട വിഷയമാണ്.
തന്‍റെ ആദ്യത്തെ മേധാവി ഒരു ജൂതനായിരുന്നു. യാസർ അറഫാത്ത് ഫലസ്തീനിലെ ആദ്യ ഭരണകൂടം സ്ഥാപിച്ചപ്പോൾ ഒരു മന്ത്രി ജൂതനായിരുന്നു, ഇന്നും തങ്ങളുടെ പല ആദരണീയ നേതാക്കളും ക്രിസ്ത്യാനികളാണ്. ഇന്ത്യയുടെ പരമോന്നത നേതാവായ മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവുമെല്ലാം ഫലസ്തീന്‍റെകൂടി നേതാക്കളാണ്. എന്നാൽ, ഫലസ്തീൻ ഇന്ന് ഇസ്രായേലിന്‍റെ വംശഹത്യയിൽ ഞെരിഞ്ഞമർന്നു കൊണ്ടിരിക്കുകയാണ്. തന്‍റെ പൂർവപിതാക്കന്മാരെല്ലാം ഫലസ്തീനിൽനിന്ന് പുറത്താക്കപ്പെട്ടു. താൻ ഗസ്സയിലെ അഭയാർഥി ക്യാമ്പിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം ഗസ്സയിലെ അഭയാർഥി ക്യാമ്പിലാണ് കഴിയുന്നത്. ദുരിതമെന്തെന്ന് തങ്ങൾക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഫലസ്തീൻ സ്വതന്ത്രമാകുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം. ഒരുതരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങളും തങ്ങൾ നടത്തുന്നില്ല. ഒരുകാലത്ത് ഇന്ത്യയും ഫലസ്തീനുമെല്ലാം ബ്രിട്ടന്‍റെ കീഴിലായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലെ തങ്ങൾക്കും നേടാനാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ഫലസ്തീനോടൊപ്പം ഇന്ത്യ എക്കാലത്തും നിലകൊള്ളുന്നതിൽ ഏറെ കടപ്പാടുണ്ട്. അറബ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയാണ് ഫലസ്തീനെ ആദ്യമായി രാഷ്ട്രമായി അംഗീകരിച്ചത്. മുമ്പും ഇന്നും നാളെയും ഇന്ത്യ ഫലസ്തീനൊപ്പം നിൽക്കും. നിലവിലെ സർക്കാറും മുൻ സർക്കാറും ഫലസ്തീന്‍റെ പരമാധികാരത്തിനു വേണ്ടി ഒരുപാട് ചുവടുകൾ വെച്ചിട്ടുണ്ട്. ഈ പോരാട്ടത്തിൽ എല്ലാവർക്കും പങ്കുചേരാനാകും. ഫലസ്തീനിൽ നടക്കുന്നതിനെക്കുറിച്ച് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടും പങ്കുവെച്ചും ഈ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കണം. ഫലസ്തീനുവേണ്ടി ചോദ്യങ്ങളുയർത്തിക്കൊണ്ടിരിക്കുന്നത് ഏറെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം മറൈൻഡ്രൈവിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
ഫലസ്തീനികൾക്കും അവകാശങ്ങളുണ്ട് -സാദിഖലി തങ്ങൾ
കൊച്ചി: ലോകത്തിലെ മറ്റേതു ജനതക്കുമുള്ള അവകാശങ്ങൾ ഫലസ്തീനിലുള്ളവർക്കുമുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലസ്തീനിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ എല്ലാവരിൽനിന്നും ശബ്ദമുയരേണ്ടതുണ്ട്. അവരുടെ ഓരോ അവകാശങ്ങളെയും ഇല്ലാതാക്കി മൃതദേഹങ്ങളാക്കി മാറ്റുകയാണ് ഇസ്രായേൽ ചെയ്യുന്നത്. ഇത്രയും വലിയൊരു ഭീകരത മറ്റൊരു ലോകജനതക്കു നേരെയും നടക്കുന്നുണ്ടാവില്ല. സ്വതന്ത്ര ഫലസ്തീൻ എന്ന സ്വപ്നം വേഗത്തിൽ സാക്ഷാത്കരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് തന്‍റെ പ്രസംഗം ആരംഭിച്ചത്. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ഫാ. പോൾ തേലക്കാട്ട്, ഗ്രാൻഡ് മസ്ജിദ് ഇമാം എം.പി. ഫൈസൽ, കെ.സി.ബി.സി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ തുടങ്ങിയവർ സംസാരിച്ചു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, ടി.ജെ. വിനോദ്, ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ, യു.സി. രാമൻ, കെ.എം. ഷാജി, പി.കെ. ഫിറോസ്, വിവിധ സംഘടന നേതാക്കളായ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, സലാഹുദ്ദീൻ മദനി, സലീം സഖാഫി, ഷമീർ മദനി തുടങ്ങിയവർ പങ്കെടുത്തു.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്വാഗതവും സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

