പാലത്തായി പോക്സോ കേസ്: കെ. പത്മരാജനെ സർവിസിൽനിന്നും പിരിച്ചുവിട്ടു
text_fieldsതിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജനെ സർവിസിൽനിന്നും പിരിച്ചുവിട്ടു. നേരത്തെ പത്മരാജനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് സ്കൂൾ മാനേജർക്ക് അടിയന്തിര നിർദേശം നൽകാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു -എന്ന് മന്ത്രി വി. ശിവൻകുട്ടി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
പ്രതി ഹിന്ദു ആയതിനാലാണ് മുസ്‍ലിം ലീഗും എസ്.ഡി.പി.ഐയും പ്രശ്നത്തിൽ ഇടപെട്ടത് -സി.പി.എം നേതാവ്
പാലത്തായി പീഡനക്കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്.ഡി.പി.ഐയും പ്രശ്നത്തിൽ ഇടപെട്ടതെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രൻ. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്.ഡി.പി.ഐയോ ഇടപെടാറുണ്ടോ എന്നും ഹരീന്ദ്രൻ ചോദിച്ചു.
'ഇക്കാലമത്രയും സി.പി.എമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സി.പി.എമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള സഹതാപമായിരുന്നുവെങ്കിൽ ഈ കേരളത്തിൽ ഉസ്താദുമാർ പീഡിപ്പിച്ച പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വാർത്ത നമ്മൾ കണ്ടിട്ടുണ്ട്. ഏത് ഉസ്താദുമാർ പീഡിപ്പിച്ച കേസാണ് ഇത്രയും വിവാദമായത്. ആ കേസിന് എന്ത് സംഭവിച്ചു എന്ന് ആരും നോക്കാറില്ല, അതിന്‍റെ പേരില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടത് എന്നതല്ല, പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്‍ലിമാണ് എന്നാണ് എസ്.ഡി.പി.ഐയുടെ ഒറ്റ ചിന്ത. ഇത് വർഗീയതാണ്' -പി. ഹരീന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

