പാലത്തായി കേസ്: വിധിന്യായത്തിൽ കെ.കെ. ശൈലജക്ക് കോടതിയുടെ വിമർശനം; പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ നടപടിയെടുത്തില്ല
text_fieldsകോഴിക്കോട്: ബി.ജെ.പി നേതാവിന് മരണംവരെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പാലത്തായി പോക്സോ കേസിൽ വിധിയുടെ പകർപ്പ് പുറത്ത്. സി.പി.എം നേതാവും അന്ന് വനിത-ശിശുക്ഷേമ മന്ത്രിയുമായിരുന്ന കെ.കെ. ശൈലജയെ കോടതി വിമർശിച്ചു. അതിജീവിതയെ കൗൺസിലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടിയെടുത്തില്ലെന്ന് വിധിന്യായത്തിൽ പറയുന്നു.
കൗൺസിലിങ് നടത്തിയവർ മകളോട് മോശമായി പെരുമാറിയെന്നും കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നെന്നും മന്ത്രി ശൈലജക്ക് മാതാവ് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കെ.കെ. ശൈലജ ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യത്തിലാണ് കേസിന്റെ വിധിന്യായത്തിൽ കോടതി വിമർശനമുന്നയിച്ചിരിക്കുന്നത്. പെൺകുട്ടിയോട് മോശമായി പെരുമാറിയ കൗൺസിലർമാരെ പിരിച്ചുവിടണമെന്നും കോടതി നിർദേശമുണ്ട്.
അന്നത്തെ ശിശുക്ഷേമ മന്ത്രി കെ.കെ. ശൈലജയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ക്രൂര സംഭവമായിരുന്നു പാലത്തായി പോക്സോ കേസ്. മന്ത്രിയുടെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന് അന്നേ വിമർശനമുയർന്നിരുന്നു.
ശിശുക്ഷേമ മന്ത്രിയുടെ തട്ടകത്തിലെ കൊടുംക്രൂരത
അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജൻ (49) പെൺകുട്ടിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 ജനുവരിയിൽ നടന്ന സംഭവത്തിൽ 2020 മാർച്ച് 17 നാണ് പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആർ.എസ്.എസുകാരനായ പ്രതി കൺമുന്നിലുണ്ടായിട്ടും പോക്സോ കേസിൽ അറസ്റ്റുണ്ടായില്ല. പ്രതി ഒളിവിലെന്നായിരുന്നു പാനൂർ പൊലീസിന്റെ മറുപടി. ജനകീയ പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ ഒരുമാസം തികയുന്നതിന് തലേന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കെ.കെ. ശൈലജയുടെ സ്വന്തം മണ്ഡലത്തിലായിരുന്നു സംഭവം. മന്ത്രിയുടെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന വിമർശനമുയർന്നു. പൊലീസ് ഇടപെടലുകളിൽ സംശയം ശക്തമായി. പീഡന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടിയിൽനിന്നുതന്നെ ഉയർന്നു. കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. പ്രതി റിമാൻഡിലായി 90 ദിവസം തികയുന്നതിന് തലേന്ന് കുറ്റപത്രം സമർപ്പിച്ചു.
പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയതിനാൽ പ്രതിക്ക് ജാമ്യം കിട്ടി. ഇതേക്കുറിച്ച് വിവാദം ഉയർന്നപ്പോൾ ഇടക്കാല കുറ്റപത്രമെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ മറുപടി. വീണ്ടും വിവാദ പെരുമഴ. അതിനിടെയാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ വിവാദ പരാമർശം പുറത്തുവന്നത്. അതിജീവിത കള്ളം പറയുന്നുവെന്നായിരുന്നു പരാമർശം. 10 വയസ്സുകാരിയെക്കുറിച്ച് കോടതിയിലും ക്രൈംബ്രാഞ്ച് ഇങ്ങനെ മറുപടി നൽകിയത് ഞെട്ടിച്ചു. പീഡന തീയതി തെറ്റായി രേഖപ്പെടുത്താനും സംഭവസമയം പ്രതി സ്കൂളിൽ ഹാജരായില്ലെന്ന് മൊബൈൽ ടവർ ലൊക്കേഷൻവെച്ച് തെറ്റിദ്ധരിക്കാനും പൊലീസ് ശ്രമിച്ചു. പീഡനം നടന്ന ശുചിമുറി പോലും മറ്റൊന്നായി ചിത്രീകരിച്ചു. കുട്ടി സ്കൂളിൽ ഹാജരാവാത്ത ദിവസം ഹാജർ രേഖപ്പെടുത്തി. ഇങ്ങനെ ഒട്ടേറെ പഴുതുകളാണ് പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്.
ഹൈകോടതി മേൽനോട്ടത്തിലാണ് ഒടുവിൽ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതും പോക്സോ ചുമത്തി അന്തിമ കുറ്റപത്രം നൽകിയതും. ശിശുക്ഷേമ മന്ത്രിയും തൊട്ടപ്പുറത്ത് സാക്ഷാൽ മുഖ്യമന്ത്രിയും താമസിക്കുന്ന നാട്ടിലാണ് കേസ് അട്ടിമറിക്കാൻ പൊലീസ് എല്ലാ കളികളും കളിച്ചത്. അഞ്ചു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസം ശിശുദിനനാളിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി പിറ്റേന്ന് ശിക്ഷയും വിധിച്ചു. ബലാത്സംഗ കുറ്റത്തിന് പ്രതി 40 വർഷം തടവും ഇതിനുശേഷം പോക്സോ നിയമപ്രകാരം ജീവിതാവസാനം വരെ ജയിൽവാസവും അനുഭവിക്കണം.
വിധിക്കെതിരെ മേൽകോടതികളെ സമീപിക്കുമെന്ന് ബി.ജെ.പി
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വിധിക്കെതിരെ മേൽകോടതികളെ സമീപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകള്‍ ഡിവൈ.എസ്.പി ആയിരുന്ന ടി.കെ. രത്നകുമാര്‍ കണ്ടെത്തി എന്ന് പറയുന്നതുതന്നെ രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍തന്നെ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാർഥിയായി മത്സരിക്കുകയാണ്. മാർക്സിസ്റ്റ് പാര്‍ട്ടി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് അധ്യാപകനെതിരെയുള്ള കേസെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

