കൊച്ചി: പാലത്തായിയിൽ പീഡനത്തിരയായ പെൺകുട്ടിയെ സ്വഭാവഹത്യ നടത്തിയ ഐ.ജി ശ്രീജിത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ചൈൽഡ് റൈറ്റ്സ് കമ്മീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി അയച്ചു.
പീഡനത്തെ അതിജീവിച്ച് പരാതിപ്പെടാൻ തയ്യാറായ ബാലികയെ സംശയത്തിന്‍റ മുൾമുനയിൽ നിർത്തി സംസാരിച്ച കേസിന്‍റെ അന്വേഷണ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയായ ഐ.ജി ശ്രീജിത്തിനെതിരെ പോക്സോപ്രകാരം കേസെടുക്കണം. സാക്ഷിയായ ബാലികയുടെ പേര് പുറത്ത് വിട്ടതും ഗുരുതരമാണ്. ബാലികയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് അടിയന്തരമായി പരിശോധിക്കണമെന്നും മെഡിക്കൽപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കണമെന്നും അവർ പരാതിയിൽ പറയുന്നു.
ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിച്ചാൽ ഇതുപോലെ പീഡനത്തിനിരയാകുന്ന പെൺകുട്ടികളും കുടുംബവും കാര്യങ്ങൾ തുറന്നു പറയാൻ മടിക്കുന്ന ഗുരുതര സാഹചര്യം സംജാതമാകും. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറാകണമെന്നും പരാതിയിൽ അവർ ആവശ്യപ്പെട്ടു.