കണ്ണൂർ : പാലത്തായിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബി.ജെ.പി. നേതാവിനെ പോക്സോ ചുമത്താത്തതിൽ പ്രതിഷേധിച്ച് അമ്മമാരുടെ നിൽപ്പ് സമരം സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. കുറ്റപത്രത്തിൽ നിന്നും പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻറെ ഉപദേശത്തെ മറികടന്നുകൊണ്ടാണെന്നും കേസിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻറ് ആരോപിച്ചു.
സംസ്ഥാന തലത്തിൽ സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് വീടുകൾ നിൽപുസമരത്തിന് വേദിയായി. ജനറൽ സെക്രട്ടറി മിനി വേണുഗോപാൽ, സുബൈദ കക്കോടി, ഉഷാ കുമാരി, ചന്ദ്രിക കൊയ്ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, എക്സിക്യൂട്ടീവ് അംഗങ്ങളായ സൽവ , കെ. കെ റഹീന തുടങ്ങിയവർ നിൽപു സമരത്തിന് നേതൃത്വം നൽകി.