തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി.നേതാവ് പത്മരാജന് ജാമ്യം കിട്ടാനിടയായത് പിണറായി സർക്കാറിൻ്റെ സംഘ് പരിവാർ ദാസ്യം കാരണമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആരോപിച്ചു. പിഞ്ചു കുഞ്ഞിനെതിരെ ക്രൂരമായ പീഡനം നടത്തിയ ബി.ജെ.പി. നേതാവിനെ രക്ഷപ്പെടുത്താൻ കുറ്റപത്രത്തിൽ നിന്ന് പോക്സോ പോലും ഒഴിവാക്കുകയായിരുന്നു.
പെൺകുട്ടി നൽകിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ പോക്സോ ചുമത്താമെന്നിരിക്കെ തെളിവുകളില്ല എന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച് പോക്സോ ചുമത്താതിരുന്നത് പത്മരാജനെ രക്ഷിക്കാനായിരുന്നു. കേരളത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവനും സുരക്ഷയും കൊണ്ടാണ് പിണറായി സർക്കാർ ഒത്തുകളിച്ചത്. ഈ കേസ് ഹൈകോടതിയുടെ മേൽനോട്ടത്തിൽ വനിതാ ഓഫീസറുടെ കീഴിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. ഇത്തരം പ്രതികൾ നാട്ടിലിറങ്ങി നടക്കുന്നത് മുഴുവൻ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് ഭീഷണിയാണ്. വരും ദിവസങ്ങളിൽ വിമൻ ജസ്റ്റിസ് ശക്തമായ പ്രതിഷേധമുയർത്തുമെന്നും അവർ അറിയിച്ചു.