Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി: ആ കുഞ്ഞ്...

പാലത്തായി: ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചു, കുട്ടിക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് കോടതി വിധി -പ്രോസിക്യൂട്ടർ

text_fields
bookmark_border
പാലത്തായി: ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട്  സഹിച്ചു, കുട്ടിക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് കോടതി വിധി -പ്രോസിക്യൂട്ടർ
cancel

തലശ്ശേരി: പാലത്തായിയിൽ സ്വന്തം അധ്യാപകന്റെ പീഡനത്തിനിരയായ കുഞ്ഞിന് ലഭിച്ച വലിയ നീതിയാണ് ഇന്നത്തെ കോടതിവിധിയെന്ന് കേസിൽ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി. പാലത്തായിയിൽ നാലാംക്ലാസുകാരിയെ സ്കൂളിൽ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെ (49) കോടതി കുറ്റക്കാരനെന്ന് വിധിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അ​വർ.

‘വെറും 10 വയസ്സുകാരി പെൺകുട്ടിയാണ് അതിജീവിത. അന്വേഷണത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ പ്രോസിക്യൂഷൻ കൃത്യമായ രീതിയിൽ കേസിൽ ഇടപെടുകയും നല്ല രീതിയിലുള്ള അന്വേഷണം നടക്കുകയും ചെയ്തു. പോക്സോ ആക്ട് പ്രകാരമുള്ള അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഒരുപാട് ബുദ്ധിമുട്ട് ആ കുഞ്ഞ് സഹിച്ചിട്ടുണ്ട്. അവർക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’ -അഡ്വ. പി.എം. ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു.

‘സെക്ഷ്വൽ ഹരാസ്മെന്റ് എന്നത് തെളിഞ്ഞിട്ടുണ്ട്. പെനട്രേറ്റീവ് സെക്ഷ്വൽ അസാൾട്ട് ആണ് നടന്നത്. കുട്ടി ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിച്ച അധ്യാപകനാണ് കുറ്റം ചെയ്ത ആൾ. അതാണ് ഏറ്റവും വലിയ പ്രശ്നം. ആ ബന്ധം അയാൾ ദുരുപയോഗം ചെയ്തു. അതുകൊണ്ടുതന്നെ അതുസംബന്ധിച്ച വകുപ്പും ചേർത്തിട്ടുണ്ട്. 12 വയസ്സിനു താഴെയുള്ള കുഞ്ഞായതിനാൽ എഫ്.എൽ.എം എന്ന വകുപ്പാണ് ചേർത്തത്. അതിനാൽ പരമാവധി ശിക്ഷ ലഭിക്കാനുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കും.

ആദ്യം പോക്സോ ആക്ട് പ്രകാരം എഫ്ഐആർ ഇട്ടിരുന്നു. എന്നാൽ, മെഡിക്കൽ എവിഡൻസ് നിലനിൽക്കെ, ജുവ​നൈൽ ജസ്റ്റിസ് ആക്ട് മാത്രം ഉൾപ്പെടുത്തികൊണ്ടാണ് ആദ്യ കുറ്റപത്രം വന്നത്. അതാണ് ഈ കുഞ്ഞിനോട് ചെയ്ത ഏറ്റവും വലിയ അനീതി. എഫ്എൽ എം പ്രകാരമുള്ള പരമാവധി ശിക്ഷ പ്രതിക്ക് കിട്ടണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം’ -​പ്രോസിക്യൂട്ടർ പറഞ്ഞു.

ലൈംഗിക പീഡനം നടന്നിട്ടും ചില പൊലീസ് ഉദ്യോഗസ്ഥർ വെറും ബാലപീഡനം മാത്രം ആക്കികൊണ്ടാണ് കുറ്റപത്രം കൊടുത്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ‘ഇതാണ് കേസിൽ ഉണ്ടായ ദുരന്തം. ആദ്യം ലൈംഗിക പീഡനം എന്നാണ് എഫ്ഐആർ ഇട്ടതെങ്കിലും പിന്നീട് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്മാരിൽ ചിലർ ബാലപീഡനം മാത്രം ആക്കികൊണ്ടാണ് കുറ്റപത്രം കൊടുത്തത്. അതിനെതിരെ അന്നത്തെ പ്രോസിക്യൂഷൻ ഹെഡ് ആയിട്ടുള്ള ബി.പി. ശശീന്ദ്രൻ അടക്കം കോടതിയിൽ പരാതി കൊടുക്കുകയും കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ടികെ രത്നകുമാർ അടക്കമുള്ള ഉദ്യോഗസ്ഥന്മാരാണ് ഈ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തിയത്. കുറ്റപത്രം കൊടുത്ത രത്നകുമാറിനും ടീമിനും പ്രോസിക്യൂഷന്റെ പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തുന്നു’ -അദ്ദേഹം പറഞ്ഞു.

കേസിൽ കുറ്റക്കാരനായ പ്രതി കുറുങ്ങാട്ട് കുനിയിൽ പത്മരാജന് തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജ റാണി നാ​ളെ ശിക്ഷാവിധി പ്രഖ്യാപിക്കും. 2020 ജനുവരിയിൽ സ്കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി പ്രതി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. നാലാംക്ലാസു​കാരിയെ അതിജീവിത ഉൾപ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 77 രേഖകളും 14 മുതലുകളും ഹാജരാക്കി. കുട്ടിയുടെ മൊഴിയെടുത്ത കൗൺസലർമാരടക്കം മൂന്ന് സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു.

അതിജീവിതയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ ആർ.എസ്.എസുകാരനായ പ്രതിക്കുവേണ്ടി പൊലീസ് നിലകൊണ്ടതാണ് പാലത്തായി പീഡന കേസിനെ വിവാദമാക്കിയത്. ഹൈകോടതി ഇടപെടലിൽ ക്രൈം ബ്രാഞ്ചാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്.

2020 മാർച്ച് 17നാണ് പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. പീഡന തീയതി കുട്ടിക്ക് ഓർമയില്ലെന്ന് പറഞ്ഞതോടെയാണ് പൊലീസിലെ ഒരു വിഭാഗം കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പൊലീസിലെ ആർ.എസ്.എസ് സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പാനൂർ എസ്.എച്ച്.ഒ ടി.പി. ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം രംഗത്തുവന്നത്. പ്രതി സ്കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും നൽകിയ മൊഴി.

ദുർബല വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു.

കുട്ടി നൽകിയ രഹസ്യമൊഴി കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് തന്നെ വെളിപ്പെടുത്തിയതും വിവാദമായി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ മാതാവും ആക്ഷൻ കമ്മിറ്റിയും ഹൈകോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടി കള്ളം പറയുകയാണ് എന്നാണ് അന്വേഷണ സംഘം ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്.

പ്രതിക്കെതിരെ പോക്സോ ചുമത്തി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. രത്നാകരനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. വിചാരണവേളയിൽ അന്നത്തെ സ്കൂളിലെ പ്രധാനധ്യാപകൻ കെ.കെ. ദിനേശൻ പ്രതിക്ക് അനുകൂല മൊഴി നൽകിയിരുന്നു. പീഡനം നടന്നതിനുശേഷം മാസങ്ങളോളം കുട്ടി സ്കൂളിൽ വന്നിരുന്നില്ല. എന്നാൽ, സ്കൂൾ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തിയിരുന്നു. ഉച്ചക്കഞ്ഞി അലവൻസ് നിലനിൽക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രധാനാധ്യാപകൻ ഇതിന് നൽകിയ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspalathayi rape caseRape CaseKerala News
News Summary - palatahyi case public prosecutor
Next Story