പാലത്തായി പീഡനം: പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ അതിജീവിതയുടെ മാതാവ് സുപ്രീം കോടതിയിൽ
text_fieldsകോഴിക്കോട്: പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ അതിജീവിതയുടെ മാതാവ് സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സംസ്ഥാന സർക്കാർ നൽകിയ ഹരജിക്കൊപ്പം അമ്മയുടെ ഹരജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.തലശ്ശേരി പോക്സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യം തുടങ്ങിയ ഉപാധികളോടെയായിരുന്നു പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. 600-ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെത്തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകുകയായിരുന്നു.
സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പരാതി നൽകിയത്. തുടർന്ന് പോക്സോ ചുമത്തി കേസെടുത്തു. ഏപ്രിൽ 15-ന് പ്രതിയെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അടക്കം നാല് സംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം നൽകിയത്. ഇതിനിടെ ക്രൈംബ്രാഞ്ച് പോക്സോ ഒഴിവാക്കി കുറ്റപത്രം നൽകിയത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ നവംബറിലാണ് കേസിൽ വിചാരണക്കോടതി വിധി പ്രസ്താവിച്ചത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

