പാലത്തായി പീഡനക്കേസ്: പത്മരാജനെ പിരിച്ചുവിടാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകൻ കെ. പത്മരാജനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂൾ മാനേജർക്ക് അടിയന്തര നിർദേശം നൽകാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. നിർദേശത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
ജീവിതാന്ത്യം വരെ തടവ്
ബി.ജെ.പി നേതാവായിരുന്ന അധ്യാപകന് മരണംവരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ബലാത്സംഗത്തിന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ഒരു ലക്ഷം പിഴയും (20 വർഷം വീതം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 160 പേജുള്ളതാണ് വിധിന്യായം.
പത്മരാജന് ശിക്ഷ ലഭിച്ചത് ജനകീയ പോരാട്ടങ്ങളുടെ വിജയം -വെൽഫെയർ പാർട്ടി
പാലത്തായി പീഡനക്കേസിൽ പ്രതി കുനിയിൽ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച പോക്സോ കോടതി വിധി ജനകീയ പോരാട്ടങ്ങളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. പത്മരാജനെ സംരക്ഷിക്കാനുള്ള നീക്കമാണ് തുടക്കം മുതൽ ആഭ്യന്തര വകുപ്പിന്‍റെയും പൊലീസിന്‍റെയും ഭാഗത്തു നിന്നുമുണ്ടായത്. വെൽഫെയർ പാർട്ടിയും വിമൻ ജസ്റ്റിസ് മൂവ്മെന്‍റുമടക്കമുള്ള സംഘടനകളും ജനകീയ കൂട്ടായ്മകളും ശക്തമായ പ്രതിഷേധങ്ങൾ നടത്തിയതിനെ തുടർന്നാണ് പത്മരാജനെ പൊസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് വരുത്തിതീർക്കാനാണ് പോലീസ് ആദ്യം മുതൽ ശ്രമിച്ചത്. കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കുമായിരുന്ന സാഹചര്യത്തിൽ വീണ്ടും ജനകീയ പ്രക്ഷോഭമുണ്ടായപ്പോഴാണ് പൊസ് കുറ്റപത്രം സമർപ്പിച്ചത്. വീണ്ടും വലിയ പ്രതിഷേധങ്ങളുണ്ടായപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നുവരെ ക്രൈംബ്രാഞ്ച് സമർത്ഥിക്കാൻ ശ്രമിച്ചു. ശിക്ഷ പൂർണമായും നടപ്പാക്കും വരെ ഈ സാമൂഹികജാഗ്രത കാത്തു സൂക്ഷിക്കാൻ നമുക്കാവണമെന്നും ജബീന ഇർഷാദ് പറഞ്ഞു.
പ്രതീക്ഷ നൽകുന്ന വിധി -വിമൻ ജസ്റ്റിസ് മൂവ്മെന്റ്
കോടതി വിധി കുടുംബത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും പൊതു സമൂഹത്തിന്റെ നിതാന്ത ജാഗ്രതയുടെയും ഫലമാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന അധ്യക്ഷ വി.എ. ഫായിസ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ തുടക്കം മുതൽ കുടുംബത്തോടൊപ്പം വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ചേർന്നുനിന്നു. കേസിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ആസൂത്രണത്തോടെ വ്യത്യസ്ത തരം സമരപരിപാടികളുമായി സംഘടനയുടെ പ്രവർത്തകരായ വനിതകൾ രംഗത്തുണ്ടായിരുന്നു. നിഷ്പക്ഷ അന്വേഷണസംഘത്തെ നിയമിക്കാനും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റപത്രം സമർപ്പിച്ച് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താനും ഇരയുടെ കുടുംബത്തോടൊപ്പം നിലകൊള്ളാനും സാധിച്ചു. അതിന്റെകൂടി ഫലമാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ച് കേസ് തെളിയിക്കാനായതെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

