പാലത്തായി പീഡനക്കേസ്: അധ്യാപകന് നിയമം ലംഘിച്ച് പരോൾ
text_fieldsകണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവായ അധ്യാപകന് നിയമം ലംഘിച്ച് സര്‍ക്കാര്‍ ഒരുമാസത്തെ പരോള്‍ അനുവദിച്ചു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് ബി.ജെ.പി മുന്‍ പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട് ഹൗസില്‍ കെ. പത്മരാജനാണ് പരോള്‍ അനുവദിച്ചത്. സഹോദരി മരിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മൂന്നുദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസത്തെ പരോള്‍ അനുവദിക്കാനാണ് നിയമമുള്ളത്.
അഞ്ചാംതീയതി ഈ പരോളിന്റെ കാലാവധി അവസാനിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പരോള്‍ നീട്ടി നല്‍കുകയായിരുന്നു. പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് സാധാരണഗതിയില്‍ പരോള്‍ അനുവദിക്കാറില്ല. ഇത് ലംഘിച്ചാണ് ബി.ജെ.പിക്കാരനായ പ്രതിക്ക് പരോള്‍ നീട്ടിനല്‍കിയത്. ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട പ്രതിക്ക് മൂന്നുമാസത്തിനിടെയാണ് പരോള്‍ അനുവദിച്ചത്.
പത്മരാജന് ഇപ്പോഴും ജയിലിന് പുറത്താണ്. മാര്‍ച്ച് മൂന്നുവരെയാണ് പത്മരാജന് പരോള്‍ അനുവദിച്ചത്. ജയില്‍ ചട്ടത്തിലെ 397ാം വകുപ്പ് ലംഘിച്ചാണ് പരോള്‍ അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന പത്മരാജന്റെ അപ്പീല്‍ ഹരജി 24ന് ഹൈകോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. അതിനിടയിലാണ് പരോള്‍ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

