പാലത്തായി കേസ്; ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിയമോപദേശം
text_fieldsകണ്ണൂർ: പാലത്തായി പോക്സോ കേസിലെ പ്രതി കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാമെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഓഫിസാണ് അപ്പീൽ സാധ്യത ചൂണ്ടിക്കാട്ടിയത്. അടുത്തയാഴ്ചതന്നെ സർക്കാർ ഹരജി ഫയൽ ചെയ്യുമെന്നാണ് സൂചന.
സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകർക്കു പുറമെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ നിയമിക്കുന്നതും പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ഉടൻ ഉത്തരവിറക്കും. അപ്പീൽ സമർപ്പിക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ഡി.ജി.പിയുടെ ഓഫിസ്. കേസിൽ ഇരയുടെ കുടുംബവും കക്ഷിചേരുമെന്നാണ് സൂചന. പാലത്തായിയിലെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ കുനിയിൽ പത്മരാജനെതിരെ തലശ്ശേരി അതിവേഗ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവ് ആഗസ്റ്റ് 20നാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്.
ശിക്ഷ മരവിപ്പിച്ച് പ്രതിക്ക് ജാമ്യം ലഭിക്കാനിടയാക്കിയ സാഹചര്യം മുൻനിർത്തി സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനമുണ്ടായി. കേസ് ഗൗരവമായി കാണാതെ ഗവ. പ്ലീഡറെ മാത്രം ചുമതലപ്പെടുത്തിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നടപടിയും വിമർശിക്കപ്പെട്ടു. യു.ഡി.എഫ്-ബി.ജെ.പി ഡീലാണ് കോടതിയിൽ കണ്ടതെന്ന് ആരോപിച്ച് കണ്ണൂരിൽ സി.പി.എം പ്രതിഷേധ പരിപാടികളും നടത്തി. പ്രോസിക്യൂഷൻ വീഴ്ച യു.ഡി.എഫിലും ചർച്ചയായതോടെയാണ് അഭിഭാഷനെ നിയമിച്ച് സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

