പാലാരിവട്ടം: ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിയിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹരജിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഹൈകോടതി വിജിലൻസ് െഎ.ജിയുടെ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയിൽ അന്വേഷണം പൂർത്തിയാക്കി ജൂണ്‍ എട്ടിന് രഹസ്യറിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിക്കാനാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ ഉത്തരവ്.
മേൽപാലം നിർമാണ ക്രമക്കേടിലൂടെ സമ്പാദിച്ച പണം നോട്ട് നിരോധനകാലത്ത് മുസ്ലിംലീഗിെൻറ ഉടമസ്ഥതയിലുള്ള ദിനപത്രത്തിെൻറ അക്കൗണ്ടിലൂടെ മാറ്റിയെടുത്തത് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഈ ഹരജിക്ക് പിന്നാലെ വിജിലൻസ് പ്രതി ചേർത്ത സാഹചര്യത്തിൽ തെളിവ് നശിപ്പിക്കാതിരിക്കാൻ മുൻ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന ഉപഹരജിയും നൽകിയിരുന്നു.
ഇതേതുടർന്ന് മന്ത്രിയും മകനുമടക്കം ചിലർ ഭീഷണിപ്പെടുത്തുന്നതായും പണം വാഗ്ദാനം ചെയ്യുന്നതായും ചൂണ്ടിക്കാട്ടി നൽകിയ ഉപഹരജിയാണ് കോടതി പരിഗണിച്ചത്. ലോക്ഡൗൺ കാലത്ത് ഇത് സംബന്ധിച്ച് ജഡ്ജിക്ക് നേരിട്ടും കത്തെഴുതിയിരുന്നു. ഭീഷണി സംബന്ധിച്ച് ഹരജിക്കാരൻ വീണ്ടും പരാതി നൽകിയാൽ കര്‍ശന നടപടി സ്വീകരിക്കാന്‍ കളമശ്ശേരി പൊലീസ് സ്റ്റേഷന് ഓഫിസർക്കും കോടതി നിർദേശം നൽകി.
പാലാരിവട്ടം അഴിമതിക്കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹീംകുഞ്ഞിനെതിരായ ഹരജികൾ പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ കേസ് ഒത്തുതീര്‍പ്പാക്കാൻ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നുമാണ് ഹരജിയിൽ പറയുന്നത്. ഒത്തുതീർപ്പ് ഉടമ്പടിയില്‍ ഒപ്പുവെച്ചാല്‍ പണം തരാമെന്നായിരുന്നു വാഗ്ദാനം. ഉടമ്പടിയുടെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി.
തന്നെ ശാരീരികമായി ഉപദ്രവിക്കാൻ ചിലർ പിന്തുടരുന്നുണ്ട്. ഹരജി പിന്‍വലിക്കാന്‍ മുൻ മന്ത്രിയും മകനും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും ഹരജിയിൽ പറയുന്നു. പരാതിയില്‍ ഹരജിക്കാരെൻറ മൊഴിയെടുത്തതായും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നൽകാന് കളമശ്ശേരി പൊലീസിനു നിർദേശം നൽകിയതായും തൃക്കാക്കര എ.സി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
