പാലാരിവട്ടം മേൽപാലം: എൽ.ഡി.എഫിന്റേത് രാഷ്ട്രീയമുതലെടുപ്പ് -ഉമ്മൻ ചാണ്ടി
text_fieldsകളമശ്ശേരി: യു.ഡി.എഫ് സർക്കാർ തുടങ്ങിവെച്ച പാലാരിവട്ടം മേൽപാലത്തിെൻറ നിർമാണം പൂർത്തിയാക്കി തങ്ങളുടെ സർക്കാറിെൻറ ഒന്നാം വാർഷികാഘോഷത്തിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യുകയാണ് എൽ.ഡി.എഫ് ചെയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
പാലം ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കളമശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലം 75 ശതമാനമേ യു.ഡി.എഫിെൻറ കാലത്ത് പൂർത്തിയാക്കിയിട്ടുണ്ടായുള്ളൂ. ബാക്കി പൂർത്തിയാക്കിയത് എൽ.ഡി.എഫ് സർക്കാറാണ്.
പാലാരിവട്ടം മേൽപാല നിർമാണത്തിൽ കണ്ടെത്തിയ അപാകതകൾ ഗുരുതരമാണ്. എന്നാൽ, കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം എൽ.ഡി.എഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പത്ത് കിലോമീറ്റർ ദൂരത്തിൽ നാല് ഫ്ലൈഓവർ എന്ന സ്വപ്ന പദ്ധതിയുടെ സൂത്രധാരനായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ അപമാനിക്കാൻ നടത്തുന്ന ശ്രമം കൊച്ചിയിലെ ജനങ്ങൾ പൊറുക്കില്ല. അതിനുള്ള ശ്രമം സി.പി.എമ്മിന് തിരിച്ചടിയാകുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
