പാലാരിവട്ടം മേൽപാലം: അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്നുമാസം
text_fieldsകൊച്ചി: നിർമാണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടായ പാലാരിവട്ടം മേൽപാലത്തിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ മൂന്നു മാസമെങ്കിലും വേണ്ടി വരുമെന്ന് വിദഗ്ധർ. കാർബൺ ഫൈബർ ഫാബ്രിക് എന്ന അമേരിക്കൻ സാേങ്കതിക വിദ്യ ഉപയോഗിച്ചാകും പാലം ബലപ്പെടുത്തുക. ചെന്നൈ ഐ.ഐ.ടിയിൽ നിന്നുള്ള സംഘമാണ് പാലത്തിൽ വിശദപരിശോധന നടത്തുന്നത്.
ഇവരുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മന്ത്രി ജി. സുധാകരൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. രൂപരേഖ തയാറാക്കിയതു മുതൽ പാളിച്ച ഉണ്ടായതായാണ് ഐ.ഐ.ടി സംഘം വിലയിരുത്തിയത്. നിർമാണത്തിലും ഗുരുതര വീഴ്ചയുണ്ടായി. 52 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിന് രണ്ടര വർഷം മാത്രമാണ് പഴക്കം.
പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ടാർ ഇളകി തുടങ്ങിയിരുന്നു. വേണ്ട അളവിൽ സിമൻറും കമ്പിയും നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. എക്സ്പാൻഷൻ ജോയൻറുകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിങ്ങുകളുടെയും നിർമാണത്തിലുണ്ടായ ഗുരുതരവീഴ്ചയും ബലക്ഷയത്തിലേക്ക് നയിച്ചു. പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കുന്നതിന് കൃത്യമായ പഠനങ്ങള് നടത്താതെ സ്പാനുകള്ക്കിടയില് എക്സ്പാന്ഷന് ജോയൻറുകള്ക്ക് പകരം ഡെക്ക് കണ്ടിന്യൂയിറ്റി രീതിയിലുള്ള നിർമാണമാണ് നടത്തിയത്. ഗർഡറുകൾക്കും പിയറുകൾക്കുമെല്ലാം വിള്ളൽ വീണ അവസ്ഥയാണ്.
പിഴവുകളുടെ ഗൗരവം കണക്കിലെടുക്കുേമ്പാൾ ഫലത്തിൽ മേൽപാലം പുനഃസ്ഥാപിക്കേണ്ട സാഹചര്യമാണ്. ഇതൊഴിവാക്കി വിദഗ്ധരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണിയിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. അറ്റകുറ്റപ്പണിക്ക് ഐ.െഎ.ടി യിലെ വിദഗ്ധർ മേൽനോട്ടം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
