കൊച്ചി: പാലാരിവട്ടം കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൃശൂർ വെമ്പല്ലൂർ കട്ടൻബസാർ കറപ്പംവീട്ടിൽ അഷ് റഫിന്‍റെ മകൻ കെ.എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതര പരിക്കേറ്റ തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ. അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയിലാണ് നിയന്ത്രണംവിട്ട കാർ മീഡിയനിലെ മരത്തിലിടിച്ചത്. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം.