You are here

പാലാരിവട്ടം അഴിമതി: ടി.ഒ സൂരജി​െൻറ റിമാൻഡ്​ കാലാവധി നീട്ടി

11:41 AM
03/10/2019

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജി​​​െൻറ റിമാൻഡ്​ കലാവധി നീട്ടി. ഒക്​ടോബർ 17 വരെ​ സൂരജ്​  റിമാൻഡിൽ തുടരും. 

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മ​​െൻറ്  കോർപറേഷൻ അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ എന്നിവരുടെ റിമാൻഡ്​ കാലാവധിയും നീട്ടിയിട്ടുണ്ട്​. നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്​.

അതേസമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നൽകരുതെന്നാണ് വിജിലൻസ്​ കഴിഞ്ഞ ദിവസം വാദിച്ചത്​. ഇതി​​​െൻറ തുടർ വാദവും ഇന്ന്​ കോടതിയിൽ നടക്കും. 

പാലാരിവട്ടം പാലം അഴിമതിയില്‍ ടി.ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.  

ജയിലിൽനിന്ന്​ ഇറങ്ങിയിട്ട്​ എല്ലാം പറയാമെന്ന്​ സൂരജ്​
കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്​ ജയിലിൽനിന്ന്​ ഇറങ്ങിയശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന്​ പൊതുമരാമത്ത്​ മുൻ സെക്രട്ടറിയും കേസിലെ പ്രതിയുമായ ടി.ഒ. സൂരജ്​. റിമാൻഡ്​ കാലാവധി അവസാനിച്ചതിനെത്തുടർന്ന്​ വ്യാഴാഴ്​ച വിജിലൻസ്​ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സൂരജി​​െൻറ പ്രതികരണം.ജാമ്യഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്​. ഈ സാഹ​ചര്യത്തിൽ ഒന്നും പറയുന്നില്ല. ജയിലിൽനിന്ന്​ ഇറങ്ങിയശേഷം പാലം നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സൂരജ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. സൂരജ്​ ഉൾപ്പെടെ നാല്​ പ്രതികളുടെ റിമാൻഡ്​ ഈ മാസം 17 വരെ നീട്ടി. 

പാലാരിവട്ടം പാലം പൊളിക്കരുതെന്ന ഹരജിയിൽ സർക്കാറി​​െൻറ വിശദീകരണം തേടി
കൊച്ചി: പാലാരിവട്ടം മേൽപാലം അറ്റകുറ്റപ്പണി ചെയ്​ത്​ ഗതാഗതയോഗ്യമാക്കാൻ കഴിയുമോയെന്ന്​ നോക്കാതെ പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരായ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സർക്കാർ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഒാഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കൺസൾട്ടിങ്​ എൻജിനീയേഴ്സ് എന്ന സംഘടനയും സംഘടനയുടെ മുൻ പ്രസിഡൻറ്​ ഡോ. അനിൽ ജോസഫും നൽകിയ ഹരജിയിലാണ്​ സർക്കാറടക്കം എതിർ കക്ഷികളോട്​ വിശദീകരണം തേടിയത്​.

ഉചിതമായ ഏജൻസിയെക്കൊണ്ട് സമയബന്ധിതമായി ബലപരിശോധന നടത്താൻ സർക്കാറിനോട്​ നിർദേശിക്കണമെന്നാണ്​ ഹരജിയിലെ പ്രധാന ആവശ്യം. പാലം പൊളിച്ചു പണിയാൻ തീരുമാനിക്കും മുമ്പ് ഈ പരിശോധന നടത്താത്തതിന്​ കാരണമെന്തെന്ന്​ അറിയിക്കാനും പരിശോധന നടത്തിയശേഷം അപാകത പരിഹരിക്കാൻ വരുന്ന ചെലവ്​ എത്രയാണെന്ന റിപ്പോർട്ട്​ സമർപ്പിക്കാനും സർക്കാറിനോട്​ ആവശ്യപ്പെടണം. ഈ ചെലവ്​ നിർമാണ കമ്പനിയിൽനിന്ന് ഇൗടാക്കണം. ചെന്നൈ ഐ.ഐ.ടിയും ഇ. ശ്രീധരനും തയാറാക്കിയ റിപ്പോർട്ടുകൾ സമർപ്പിക്കാൻ സർക്കാറിന്​ നിർദേശം നൽകണമെന്നു​ം ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി തീർപ്പാകുംവരെ പാലം പൊളിച്ചു പണിയാനുള്ള നടപടികൾ സ്​റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം. 


വിജിലൻസ്​ സ്​പെഷൽ ഗവ. പ്ലീഡർക്ക്​​ അജ്ഞാതരുടെ ഭീഷണി; സുരക്ഷക്ക്​ സെക്യൂരിറ്റി ഗാർഡ്​​
കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസുകളിലടക്കം ഹൈകോടതിയിൽ വിജിലൻസിന്​ വേണ്ടി ഹാജരാകുന്ന സ്​പെഷൽ ഗവ. പ്ലീഡർ എ. രാജേഷിന്​ അജ്ഞാതരുടെ ഭീഷണി. മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട ​കേസുകളിൽ മുൻമന്ത്രിക്കെതിരെ സംശയം ഉന്നയിച്ചും മുൻ സെക്രട്ടറിയുടെ പങ്കാളിത്തം ശരിവെച്ചും കോടതിയിൽ രേഖാമൂലം വിശദീകരണം തയാറാക്കി നൽകുന്നത്​​ രാ​േജഷാണ്​. രാജേഷ്​ സഞ്ചരിച്ച വാഹനം അടുത്തടുത്ത ദിവസങ്ങളിൽ രണ്ടിടത്ത്​ തടഞ്ഞ്​ അജ്ഞാതസംഘം ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി വിജിലൻസ്​ ഡയറക്​ടർക്ക്​ നൽകിയ പരാതിയെത്തുടർന്ന്​ പേഴ്​സനൽ സെക്യൂരിറ്റി ഗാർഡി​​െൻറ സേവനം ഏർപ്പെടുത്തി.

പൊതുമരാമത്ത് മുന്‍  സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ള നാല്​ പ്രതികളുടെ ജാമ്യഹരജി ഹൈകോടതി പരിഗണിക്കാനിരിക്കുന്നതി​​െൻറ തൊട്ടുമുമ്പുള്ള ദിവസം രാത്രി മുളവുകാട്​ രാജേഷി​​െൻറ വാഹനം തടഞ്ഞ അജ്ഞാതസംഘം അസഭ്യം പറഞ്ഞു. നിലവിലെ കേസില്‍നിന്ന് പിന്മാറാന​ും ഇവർ ഭീഷണി മുഴക്കി. അടുത്ത ദിവസം പാലാരിവട്ടത്തും സമാന സംഭവമുണ്ടായി. ഇക്കാര്യങ്ങള്‍ രാജേഷ് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്​ച ഉച്ചയോടെ സെക്യൂരിറ്റി ഗാർഡ്​ രാജേഷി​​െൻറ സുരക്ഷച്ചുമതല ഏറ്റെടുത്തു.
 

 

Loading...
COMMENTS