പാലാരിവട്ടം പാലം പൊളിക്കലിന് അതിവേഗം
text_fieldsപാലാരിവട്ടം പാലം പുതുക്കിപ്പണിയുന്ന ജോലി പുരോഗമിക്കുന്നു
കൊച്ചി: മുൻമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അറസ്റ്റിനുമുമ്പ് ആശുപത്രിയിലേക്കും അദ്ദേഹത്തെ തേടി വിജിലൻസ് സംഘവും കടന്നുപോയത് ഒരുപേക്ഷ കേസിന് കാരണമായ അതേ പാലാരിവട്ടം പാലത്തിന് കീഴിൽകൂടിയാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത 66ലെ ഇടപ്പള്ളി-വൈറ്റില സ്ട്രെച്ചിൽകൂടി കടന്നുപോകുന്നവരെല്ലാം ഈ പാലത്തിെൻറ അവസ്ഥയിൽ രോഷംകൊള്ളും.
പാലത്തിെൻറ മുക്കാൽ ഭാഗവും പൊളിച്ചു. ഈ മാസം 28ഓടെ പൊളിക്കൽ പൂർത്തിയാക്കി പുനർ നിർമാണം വേഗത്തിലാക്കാമെന്ന കണക്കുകൂട്ടലിലാണ് നിർമാണ മേൽനോട്ടം ഏറ്റെടുത്ത ഡി.എം.ആർ.സി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണ കരാർ. രാത്രിയും പകലുമായി പാലം പൊളിക്കൽ അതിവേഗത്തിലാണ്. ഇതുവരെ 13 സ്പാൻ പൊളിച്ചു. 19 സ്പാനിൽ 17 എണ്ണം പൊളിച്ച് ബലപ്പെടുത്തണം. ഗർഡറുകൾ മുറിച്ചിറക്കിയ സ്പാനുകളിൽ ജാക്കറ്റിങ് പണിയും പുരോഗമിക്കുന്നു. എട്ടുമാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ അവസാനത്തിലാണ് പുനർനിർമാണം തുടങ്ങിയത്. ഏപ്രിലിൽ പാലം തുറക്കാമെന്നാണ് പ്രതീക്ഷ. ഇതിനിടെ, നിർമാണചുമതല ഏറ്റെടുത്ത മെട്രോമാൻ ഇ. ശ്രീധരൻ രണ്ടുവട്ടം സന്ദർശിച്ചിരുന്നു.
പാലത്തിെൻറ ചരിത്രം
മുൻ യു.ഡി.എഫ് സര്‍ക്കാറിെൻറ സ്പീഡ് പദ്ധതിയില്‍ 2014 സെപ്റ്റംബറിലാണ് പാലാരിവട്ടം മേൽപാലം നിര്‍മാണം ആരംഭിച്ചത്.
പദ്ധതി ഏറ്റെടുത്തത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോര്പറേഷന് ഓഫ് കേരളയാണ് (ആർ.ബി.ഡി.സി.കെ). ഡിസൈൻ, സൂപ്പർവിഷൻ കൺസൾട്ടൻറായത് കിറ്റ്കോ. 47.7 കോടി രൂപയുടെ നിർമാണ കരാർ ലഭിച്ചത് ഡല്‍ഹി ആസ്ഥാനമായ ആര്.ഡി.എസ് കണ്‍സ്ട്രക്ഷന്‍. 2016 ഒക്ടോബറില്‍ പാലം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി.
2017 ജൂലൈയിൽ പാലത്തില്‍ കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെട്ടു. ടാറിങ് തകരാറാണെന്ന് ചൂണ്ടിക്കാട്ടി ആർ.ബി.ഡി.സി.കെ വീണ്ടും ടാർ ചെയ്തെങ്കിലും കുലുങ്ങുന്ന പാലം എന്ന പേര് വീണു. തുടർന്ന് ദേശീയപാത അതോറിറ്റി നടത്തിയ പരിശോധനയിൽ തൂണുകളിൽ വിള്ളൽ കണ്ടെത്തി. പിന്നീട് പൊതുമരാമത്ത് വകുപ്പും മദ്രാസ് ഐ.െഎ.ടിയും നടത്തിയ പരിേശാധനയിൽ വെളിപ്പെട്ടത് ഗുരുതര നിർമാണപ്പിഴവുകൾ.
സാങ്കേതിക തകരാർ
പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കാൻ സ്പാനുകള്‍ക്കിടയില്‍ എക്സ്പാന്ഷന് ജോയൻറുകള്ക്കുപകരം ഡെക്ക് കണ്ടിന്യുറ്റി എന്ന സാങ്കേതികരീതിയാണ് പാലാരിവട്ടത്ത് ചെയ്തത്. കിറ്റ്കോയുടെയും കരാർ കമ്പനിയുടെയും പരിചയക്കുറവും ക്രമക്കേടുംകൊണ്ട് ഇത് ഫലവത്തായില്ല.
ഇ. ശ്രീധരൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പാലത്തിെൻറ 102 ഗർഡറിൽ 97ലും വിള്ളൽ കണ്ടെത്തിയതായി പറയുന്നു. 19 സ്പാനിൽ 17 എണ്ണവും മാറ്റണം.
പിയർക്യാപ്പുകളിൽ 18ൽ 16ലും വിള്ളൽ. ഡിസൈനിലെ അപാകത, ഗർഡറുകൾക്ക് അനുവദനീയ പരിധിയിൽ കൂടുതൽ വലിച്ചിൽ എന്നിവയൊക്കെ ചൂണ്ടിക്കാട്ടി.
വീടുകളും മറ്റും നിർമിക്കുന്ന എം22 ഗ്രേഡിെല കോൺക്രീറ്റ് മിക്സാണ് നിർമാണത്തിന് ഉപയോഗിച്ചത്. എം35 ഗ്രേഡിന് പകരമാണിത്. ഗർഡറുകൾ സ്ഥാപിച്ചതിൽ ഉയരവ്യത്യാസവും സെൻട്രൽ സ്പാനിൽ ഉൾപ്പെടെ വിള്ളലും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.