ഇവിടെ നിറകണ്ണിൽ പുഞ്ചിരി വിടരുന്നു
text_fieldsപാലക്കാട്: അപ്രതീക്ഷിത പ്രളയത്തിൽ പകച്ച പാലക്കാട് ജില്ല പതിയെ എല്ലാം തിരിച്ചുപിടിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് പലരും വീടുകളിലേക്കെത്തി. സാധാരണ ജീവിതത്തിന് കാലതാമസമെടുക്കുമെങ്കിലും തോറ്റുകൊടുക്കാൻ ആരും തയാറല്ലെന്ന് അവിടങ്ങൾ സന്ദർശിച്ചാൽ ബോധ്യമാകും. കൂടുതൽ കരുത്തോടെ പുതിയ ജീവിതം സാധ്യമാകുമെന്നുതന്നെയാണ് ഇവരുടെ പ്രതീക്ഷ.
ജില്ലയിലെ അഞ്ച് താലൂക്കുകളെയും പ്രളയം ബാധിച്ചു. പാലക്കാട് നഗരത്തിലെ ഒരുഭാഗം വെള്ളത്തിൽ മുങ്ങി. നെല്ലിയാമ്പതിയെയും നെന്മാറയെയും ബന്ധിപ്പിക്കുന്ന ചുരം റോഡിൽ 90 ഇടങ്ങളിൽ ഉരുൾപൊട്ടി റോഡ് പൂർണമായി തകർന്നു. ഏകദേശം 10 കി.മീറ്റർ മാത്രമാണ് ഗതാഗത യോഗ്യമായത്.വീടുകൾ വൃത്തിയാക്കലാണ് പ്രധാന വെല്ലുവിളി. എത്ര വൃത്തിയാക്കിയിട്ടും പഴയ നിലയിലാക്കാൻ കഴിയുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. നാലും അഞ്ചും തവണ വെള്ളവും ക്ലോറിനുമുപയോഗിച്ച് കഴുകുന്നുണ്ട്. ശുചീകരിക്കാൻ സന്നദ്ധ പ്രവർത്തകരോ സർക്കാർ സംവിധാനങ്ങളോ സജീവമല്ലെന്ന് ചിലർക്ക് പരാതിയുണ്ട്. നശിച്ച ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വീടുകൾക്കുമുന്നിൽ കൂട്ടിയിട്ടിരിക്കുന്നത് കാണാം.
ദുരിതബാധിതർക്കെല്ലാം 10,000 രൂപ നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ ഇവർ പ്രതീക്ഷയർപ്പിക്കുന്നു. അവശ്യസാധനങ്ങൾ വാങ്ങാൻ ഈ പണം അത്യാവശ്യമാണ്. കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയായിട്ടില്ലെന്നാണ് ജില്ല അധികൃതരുടെ വിശദീകരണം. ആഗസ്റ്റ് അവസാനത്തോടെ പണം നൽകിത്തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. പ്രളയനഷ്ടം കണക്കാക്കാൻ ഉദ്യോഗസ്ഥർ അഹോരാത്രം പണിയെടുക്കുകയാണ്.
ഇനിയും പൂർത്തിയായിട്ടില്ല. കാർഷിക മേഖലക്കാണ് കനത്ത നഷ്ടമുണ്ടായത് -പ്രാഥമിക കണക്കുകൾ പ്രകാരം 37.71 കോടി. 4592 ഹെക്ടറിന് മുകളിൽ കൃഷി നശിച്ചു. ബാക്കിയായവ രോഗഭീഷണിയിലുമാണ്. 600 ഏക്കറിന് മുകളിൽ വാഴകൃഷി നശിച്ചു. 19 പേർക്കാണ് ജീവൻ നഷ്ടമായത്. നെന്മാറ അവുളുശേരി ഉരുൾപൊട്ടലിൽ 10 പേരാണ് മരിച്ചത്. ആഗസ്റ്റ് 21 വരെയുള്ള കണക്കുകൾ പ്രകാരം 119 വീടുകള്‍ പൂര്‍ണമായും 1259 എണ്ണം ഭാഗികമായും തകര്‍ന്നു. പാലക്കാട് താലൂക്കില്‍ മാത്രമായി 81 വീടുകള്‍ പൂര്‍ണമായും 44 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
