ആറുവരിപ്പാത: സമരം ശക്തമാക്കി വടക്കഞ്ചേരി ജനകീയ വേദി
text_fieldsവടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം സ്തംഭിക്കുകയും നിർമാണ കാലാവധി വീണ്ടും നീട്ടി നൽകുകയും ചെയ്തതിനെതിരെ വടക്കഞ്ചേരി ജനകീയവേദി സമരം നടത്തി. ദേശീയപാത റോയൽ ജങ്ഷനിലെ നിർമാണം പൂർത്തിയാകാത്ത മേൽപ്പാതക്ക് താഴെ നടന്ന പ്രതിഷേധ സമരം ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ കണ്‍വീനർ ജിജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാന് സുരേഷ് വേലായുധൻ, സി.കെ. അച്യുതൻ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, എ. സലീം തണ്ടലോട് എന്നിവർ സംസാരിച്ചു. ആറുവരിപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ വേദിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹരജി പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും അയച്ചിരുന്നു. ഇതിനുള്ള മറുപടിയിൽ ഉടൻ പാതനിര്‍മാണം പൂർത്തീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പണി നീളുകയായിരുന്നു.
2020 മേയ് മാസത്തിൽ നിർമാണം പൂർത്തീകരിക്കുമെന്ന് നിർമാണ കമ്പനി ഉറപ്പ് പറഞ്ഞിട്ടും നടപ്പാക്കാൻ ദേശീയപാത അതോറിറ്റി തയാറാകാതെ നിർമാണ കാലാവധി 2021 ആഗസ്റ്റ്വരെ നീട്ടിയതിൽ ഒത്തുകളിയുണ്ടെന്നും ഇതിൽ സമഗ്രാന്വേഷണം നടത്തണമെന്നും ജനകീയവേദി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
