പട്ടാമ്പി: പട്ടാമ്പിയിൽ ഭീതിജനകമാംവിധം കോവിഡ് ബാധ. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ നടന്ന ആൻറിജൻ ടെസ്റ്റിൽ ഇതിനകം 142 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഉയർന്ന രോഗവ്യാപന നിരക്കാണിത്.
തിങ്കളാഴ്ച 565 പേരെയാണ് പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പരിശോധിച്ചത്. 36 പേരുടെ ഫലം പോസിറ്റിവാണ്. രോഗവ്യാപനത്തോടെ പട്ടാമ്പിയിൽ ചൊവ്വാഴ്ച മുതൽ ലോക്ഡൗൺ പ്രാബല്യത്തിലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മത്സ്യമാർക്കറ്റിലെ ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മാർക്കറ്റിന് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ അടപ്പിച്ചു.
ശനിയാഴ്ച 67 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ല കലക്ടർ പ്രദേശം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. പൊതുഗതാഗതം കൂടി നിരോധിച്ചതോടെ ടൗണും പരിസരവും പൂർണമായി സ്തംഭിച്ചു. ഞായറാഴ്ച നടത്തിയ ആൻറിജൻ ടെസ്റ്റിൽ 39 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 29 പേർ പാലക്കാട് ജില്ലക്കാരും ഏഴ് പേർ തൃശൂർ സ്വദേശികളും മൂന്ന് മലപ്പുറം സ്വദേശികളുമാണ്.
തിങ്കളാഴ്ചത്തെ പരിശോധനയിൽ കൂടുതൽ പേർക്ക് ഫലം പോസിറ്റിവായതോടെ കലക്ടർ പട്ടാമ്പി താലൂക്കിൽ പൂർണമായും നെല്ലായ ഗ്രാമപഞ്ചായത്തിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. ടൗണിലേക്കുള്ള പ്രവേശനത്തിന് കർശന വിലക്കാണ് പൊലീസ് ഏർപ്പെടുത്തുന്നത്.
റാപിഡ് ടെസ്റ്റ് നടക്കുന്ന പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ പട്ടാമ്പി ഗവ. സംസ്കൃത കോളജിൽ ഒരുക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലെ സജ്ജീകരണങ്ങളും സബ് കലക്ടർ അർജുൻ പാണ്ഡ്യൻ പരിശോധിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുമായും സബ്കലക്ടർ കൂടിയാലോചന നടത്തി. കോളജും പരിസരവും ഫയർ ഫോഴ്സിേൻറയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.
പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പള്ളികളിൽ ജുമുഅ,ജമാഅത്തുകൾ നടത്തരുതെന്ന നിർദേശം മഹല്ല് ഭാരവാഹികൾ പാലിക്കണമെന്ന് സമസ്ത പ്രസിഡൻറ് ജില്ല കെ.പി.സി തങ്ങൾ വല്ലപ്പുഴ അറിയിച്ചു.