ജോലിക്കെത്തിയ വീട്ടിലെ വയോധികയെ കൊന്ന് മാല കവർന്നു; സ്ത്രീയടക്കമുള്ള രണ്ട് തൊഴിലാളികൾ അറസ്റ്റിൽ
text_fieldsപിടിയിലായ ബഷീർ, സത്യഭാമ
പാലക്കാട്: വീടികനത്ത് വയോധികയെ കൊലപ്പെടുത്തി മാല കവർന്ന കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വീട്ടിൽ നിർമാണ പ്രവൃത്തികൾക്കെത്തിയ തൊഴിലാളികളായ ചിറ്റൂർ കൊശത്തറ ബസാർ സ്കൂളിനു സമീപം താമസിക്കുന്ന കിണാശ്ശേരി നെല്ലിക്കുന്ന് ബഷീർ (40), തത്തമംഗലം തുമ്പിച്ചിറ, കൊല്ലംകുളമ്പ് സത്യഭാമ (33) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊടുമ്പ് തിരുവാലത്തൂർ ആറ്റിങ്കൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പത്മാവതിയെയാണ് (74) ശനിയാഴ്ച രാത്രി ഒമ്പതോടെ പഴയ തറവാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. പത്മാവതിയുടെ മകൻ അനിൽകുമാറും കുടുംബവും വീടിനോട് ചേർന്ന പുതിയ വീട്ടിലാണ് താമസിക്കുന്നത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ അനിൽകുമാർ വിളിക്കാനെത്തിയപ്പോഴാണ് പഴയ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. രണ്ടര പവന്റെ മാല നഷ്ടപ്പെട്ടിരുന്നു. അനിൽകുമാറിന്റെ വീട്ടിൽ നിർമാണ ജോലികൾക്കെത്തിയവരാണ് പ്രതികൾ. സംഭവദിവസം ഉച്ചയോടെ പണി നിർത്തിയ ഒന്നാംപ്രതി ബഷീർ തൃശൂരിലേക്ക് അടിയന്തരമായി പോവേണ്ടതുണ്ടെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
കൊലപാതകം സ്ഥിരീകരിച്ച പൊലീസ് ആദ്യഘട്ടത്തിൽ തന്നെ ബഷീറിനെ സംശയിച്ചിരുന്നു. പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബഷീറുമായി അടുപ്പമുള്ള സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വയോധികയെ കൊലപ്പെടുത്തിയത് ബഷീറാണെന്ന് സത്യഭാമ സമ്മതിച്ചു. ചിറ്റൂരിലെത്തിയ ബഷീർ മാല ജ്വല്ലറിയിൽ വിൽപന നടത്തി മൊബൈൽ ഫോൺ വാങ്ങുകയും കടബാധ്യതകൾ വീട്ടുകയും ചെയ്തു.
ബാക്കിയുണ്ടായിരുന്നതിൽ 50,000 രൂപ വൈകീട്ട് പണി കഴിഞ്ഞ് വന്ന സത്യഭാമക്ക് നൽകി. ബാക്കി പണവുമായി സ്വന്തം വീട്ടിലെത്തിയെങ്കിലും മരണവാർത്തയറിഞ്ഞ് കൂടെ ജോലി ചെയ്യുന്നവർ അന്വേഷിച്ചതോടെ സത്യഭാമയുടെ അടുത്തുപോയി ഏൽപ്പിച്ചതിൽ നിന്ന് കുറച്ചു പണം വാങ്ങി കോയമ്പത്തൂരിലേക്ക് തിരിക്കുകയായിരുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് സി.ഐ. ഷിജു എബ്രഹാം, എസ്.ഐമാരയ ഹേമലത, അജാസുദീൻ, സുരേഷ്, ഉദയകുമാർ, എ.എസ്.ഐ. സുനിൽ, ആനന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

