വനിതകൾ വാഴാത്ത പാലക്കാട്
text_fieldsപാലക്കാട്: മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരിക്കെ 1952ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഏറ്റവും ഒടുവിൽ നടന്ന 2021ലെ തെരഞ്ഞെടുപ്പ് വരെ പാലക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധാനംചെയ്തത് പുരുഷന്മാർ മാത്രം. 69 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആകെ ഒമ്പത് പുരുഷന്മാരാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയത്. ഒരു തവണ പോലും സ്ത്രീ പ്രാതിനിധ്യം മണ്ഡലത്തിലുണ്ടായിട്ടില്ല. ഇക്കാലയളവിൽ മൂന്നു വനിതകൾ മത്സരിച്ചെങ്കിലും ദയനീയ തോൽവിയായിരുന്നു ഫലം.
1987ൽ സി.പി.എമ്മിന്റെ ഗിരിജ സുരേന്ദ്രനാണ് ആദ്യമായി മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ വനിത. അന്ന് രണ്ടാം സ്ഥാനത്തെത്തിയ ഗിരിജ 32,709 വോട്ടാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച സി.എം. സുന്ദരമാണ് വിജയിച്ചത്. 38,774 വോട്ട് സുന്ദരം നേടി. 2001ൽ ബി.ജെ.പിയുടെ രമ രഘുനാഥും മത്സരരംഗത്തുണ്ടായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ രമക്ക് 12,159 വോട്ടാണ് നേടാനായത്. കോൺഗ്രസിന്റെ കെ. ശങ്കരനാരായണൻ വിജയിച്ചു.
2016ൽ ഷാഫി പറമ്പിലിനെതിരെ മത്സരിച്ച ബി.ജെ.പിയുടെ ശോഭ സുരേന്ദ്രൻ 40,076 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. 57,559 വോട്ടാണ് ഷാഫിക്ക് ലഭിച്ചത്. അന്ന് ശക്തമായ മത്സരം കാഴ്ചവെച്ച ശോഭ സുരേന്ദ്രൻ ഈ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നറുക്ക് വീണത് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനാണ്. കോങ്ങാട് എം.എൽ.എയായ കെ. ശാന്തകുമാരി മാത്രമാണ് നിലവിൽ പാലക്കാട് ജില്ലയിൽനിന്നുള്ള വനിത പ്രതിനിധിയായി നിയമസഭയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

