സംഘ്പരിവാർ ആൾക്കൂട്ട കൊല കേരളത്തിലടക്കം വ്യാപകമാക്കാൻ ശ്രമം; ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
text_fieldsപാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ. കൊല്ലപ്പെട്ട രാം നാരായണൻ
തൃശൂർ: പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണൻ എന്ന ദലിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചു കൊന്നതിൽ നിയമനടപടികൾക്ക് നേതൃത്വം നൽകാൻ 'ജസ്റ്റിസ് ഫോർ രാം നാരായൺ ഭാഗേൽ ആക്ഷൻ കമ്മറ്റി' രൂപീകരിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന യോഗത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
ഉത്തരേന്ത്യയിൽ സംഘ്പരിവാർ നടപ്പാക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ കേരളത്തിലടക്കം വ്യാപകമാക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ വംശീയവും മതപരവും ജാതീയവുമായ വിദ്വേഷങ്ങൾ വളർത്തി അപരനെ തല്ലിക്കൊല്ലുന്ന രാഷ്ട്രീയ പദ്ധതിക്ക് കേരളത്തിൽ ഇടം നൽകാതിരിക്കാൻ ജനകീയ പ്രതിരോധങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട രാംനാരായണൻ അതിശക്തമായ ആൾക്കൂട്ട ആക്രമണത്തിന് വിധേയനാക്കപ്പെട്ടതായാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ഈ ആൾക്കൂട്ട കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരമെന്ന നിലയിൽ 25 ലക്ഷം രൂപ അനുവദിക്കുക, 2018ലെ തെഹ്സിൻ പൂനെ വാല V/s. യൂണിയൻ ഗവ. ഓഫ് ഇന്ത്യ വിധിയിലെ മാർഗ നിർദ്ദേശക തത്വങ്ങൾ ഈ കേസിൽ പാലിക്കപ്പെടുമെന്ന് ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളും ആക്ഷൻ കമ്മറ്റി ഉന്നയിച്ചു.
ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫിസ് പരിസരത്ത് പ്രതിഷേധ ധർണ നടത്തി. യോഗത്തിൽ ചെയർമാൻ കെ. ശിവരാമൻ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയൻ ചിന്തകൻ കെ. അരവിന്ദാക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി കൺവീനർ അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു.
ഐ. ഗോപിനാഥ്, അഡ്വ. നിസാർ (വെൽഫെയർ പാർട്ടി), പി.എൻ. പ്രൊവിൻറ് ( സി.പി.ഐ എംഎൽ, റെഡ്സ്റ്റാർ), ഡോ.കെ. ബാബു (എസ്.യു.സി.ഐ), അഡ്വ. പ്രമോദ് പുഴങ്കര, ടി.ആർ. രമേഷ്, ഹരി (ജനകീയ മനഷ്യാവകാശ പ്രസ്ഥാനം), റെനി ആൻറണി (പി.യു.സി.എൽ), ടി.കെ.മുകുന്ദൻ (കേരള അസംഘടിത വിമോചന പ്രസ്ഥാനം) എന്നിവർ സംസാരിച്ചു. ജയപ്രകാശ് ഒളരി നന്ദി പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ സംഘാടനത്തിന് എ.എം. ഗഫൂർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

