Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോർവിളിയുടെ ഭീതിയിൽ...

പോർവിളിയുടെ ഭീതിയിൽ പാലക്കാട്​...

text_fields
bookmark_border
പോർവിളിയുടെ ഭീതിയിൽ പാലക്കാട്​...
cancel
camera_alt

വെട്ടേറ്റ് മരിച്ച ശ്രീനിവാസന്‍റെ കടക്ക് മുന്നിൽ കാവൽ നിൽക്കുന്ന പൊലീസുകാർ, പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം കഞ്ചിക്കോട്​ ഉപേക്ഷിച്ച അൾട്ടോ കാർ

Listen to this Article

പാലക്കാട്: 24 മണിക്കൂറിനുള്ളിൽ 15 കിലോമീറ്റർ ചുറ്റളവിൽ രണ്ടുപേർ കൊലക്കത്തിക്ക്​ ഇരയായതോടെ പോർവിളിയുടെ ഭീതിയിൽ പാലക്കാട്​. നഗരത്തിന്​ സമീപത്തെ എലപ്പുള്ളി പഞ്ചായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷമാണ്​ സംസ്ഥാനത്തെ നടുക്കിയ കൊലപാതക പരമ്പരയായി പരിണമിച്ചത്​. 1992ൽ അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷൻ മുരളി ​മനോഹർ ജോഷിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട സംഘർഷങ്ങളും സിറാജുന്നിസ ​വെടിവെപ്പും പാലക്കാട്ടെ ജനം ഭീതിയോടെയാണ്​ ഓർക്കുന്നത്​. പതിറ്റാണ്ടുകൾക്കുശേഷമാണ്​ അന്നത്തെ കലാപത്തിന്‍റെ മുറിവുകൾ ഉണങ്ങിയത്​. വീണ്ടും സംഘർഷത്തിന്​ തിരികൊളുത്തു​​​മ്പോൾ നഗരം വീണ്ടും അശാന്തിയിലേക്ക്​ തിരിച്ചുപോകുമോയെന്ന പേടി എല്ലാവരിലുമുണ്ട്​.

നാലുവർഷത്തോളമായി എലപ്പുള്ളി​യിൽ ആർ.എസ്​.എസ്​-പോപുലർ ഫ്രണ്ട്​ സംഘർഷം നിലനിൽക്കുന്നുണ്ട്​. ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുപക്ഷവും പലതവണ ഏറ്റുമുട്ടിയിരുന്നു. ഒരുവർഷം മുമ്പ് പോപുലർ ഫ്രണ്ട്​ പ്രവർത്തകൻ സക്കീർ ഹുസൈനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചതോടെയാണ്​ ഇത്​ ഗൗരവസ്വഭാവത്തിലേക്ക്​ വളരുന്നത്​. ഇതിന്‍റെ തുടർച്ചയെന്നോണമാണ്​ ആർ.എസ്​.എസ് ​പ്രവർത്തകൻ സഞ്ജിത്ത് ​(26) കൊല്ലപ്പെട്ടത്​. കഴിഞ്ഞ നവംബർ 15ന്​ പട്ടാപ്പകൽ ഭാര്യയുടെ മുന്നിൽവെച്ചാണ്​ സഞ്ജിത്തിനെ കൊലപ്പെടുത്തിയത്​. ​കേസിൽ പിടിയിലായ പ്രതികൾ പോപുലർ ഫ്രണ്ട്​​ പ്രവർത്തകർ ആയിരുന്നു. വെള്ളിയാഴ്​ച സുബൈറിനെ പിതാവിനുമുന്നിൽവെച്ച്​ കൊലചെയ്തതും എലപ്പുള്ളിയി​ലെ സംഘർഷങ്ങളുടെ തുടർച്ചയാണ്​. സക്കീർ ഹുസൈൻ വധശ്രമ കേസിലെ പ്രതികളായ മൂന്നുപേർ സുബൈറിനെ ​വെട്ടിക്കൊല്ലാൻ എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരടക്കം നാല്​ ആർ.എസ്​.എസ്​ പ്രവർത്തകരെ ശനിയാഴ്ച പൊലീസ്​ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്​. ഒളിവിലുള്ള പ്രതി രമേശ്​ എന്നായാളും ബി.ജെ.പി പ്രവർത്തകനാണ്​.

എലപ്പുള്ളി കേന്ദ്രീകരിച്ച്​ നടന്ന സംഘർഷം ബി.ജെ.പി ശക്തികേ​ന്ദ്രമായ പാലക്കാട്​ നഗരത്തിലേക്ക്​ കൂടി വ്യാപിച്ചുവെന്നതാണ്​ ശനിയാഴ്ച​യിലെ കൊലപാതകത്തോടെ സംഭവിച്ചത്​. പാലക്കാട്​ നഗരത്തിലെ ആർ.എസ്.എസിന്‍റെ ശക്തികേന്ദ്രമായ മേലാമുറിയിലാണ്​ ആർ.എസ്.എസ് മുൻ ജില്ല ശാരീരിക്​ ശിക്ഷൺ പ്രമുഖ്​ ശ്രീനിവാസൻ പട്ടാപ്പകൽ കൊല്ലപ്പെട്ടത്​. സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളും ഓട്ടോമൊബൈൽ സ്ഥാപനങ്ങളും പലചരക്ക് സ്ഥാപനങ്ങളും നിറഞ്ഞ ഈ പ്രദേശം ഏറെ തിരക്കുള്ളതാണ്. ഇവിടെനിന്ന് 500 മീറ്ററോളം അകലെയാണ് പാലക്കാട്​ ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ. ഇവിടെവെച്ചാണ് പാലക്കാട് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേൽക്കുന്നത്. ഇതോടെ പൊലീസിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ കേന്ദ്രങ്ങളിൽനിന്ന്​ ആരോപണമുയർന്നു. പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം അക്രമ സാധ്യതയുള്ളതായി റിപ്പോർട്ട് നൽകിയിട്ടും ലോക്കൽ പൊലീസ് മതിയായ ജാഗ്രത കാണിച്ചില്ലെന്ന് പരാതിയുണ്ട്.

ഇരട്ട കൊലപാതകത്തെ തുടർന്ന്​ പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 20ന് വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ ഉത്തരവിട്ടിട്ടുണ്ട്.

സുബൈർ വധം: പോസ്റ്റ്മോർട്ടം പൂർത്തിയായത് നാലു മണിക്കൂറോളമെടുത്ത്

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതകവുമായി ബന്ധ​പ്പെട്ട്​ നാലു പേരെ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകരായ ജിനീഷ്​, സുദർശൻ, ശ്രീജിത്ത്​, ഷൈജു എന്നിവരെയാണ്​ കസബ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​. ഇവരെ പാലക്കാട്​ എ.ആർ ക്യാമ്പിൽ ചോദ്യം ചെയ്തുവരുകയാണ്​.

സുബൈറിന്‍റെ ശരീരത്തിൽ 50ലധികം വെട്ടുകളുണ്ടെന്ന്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിലുണ്ട്​. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്ന്​ രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക റിപ്പോർട്ട്.

മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാൽ നാലു മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. പോസ്റ്റ്മോർട്ടം ചെയ്ത ഉദ്യോഗസ്ഥൻ ഞായറാഴ്ച പൊലീസിന് വിവരങ്ങൾ മൊഴിയായി നൽകും. വിശദ റിപ്പോർട്ട് ദിവസങ്ങൾക്കകം സമർപ്പിക്കും.

ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിലുള്ള പത്ത്​ മുറിവുകൾ

പാലക്കാട്​: ആർ.എസ്.എസ് മുൻ പാലക്കാട്​ ജില്ല ശാരീരിക്​ ശിക്ഷൺ പ്രമുഖ്​ എസ്​.കെ. ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിലുള്ള പത്ത്​ മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ്​ റിപ്പോർട്ട്​. കഴുത്തിലും തലയിലുമുള്ള മൂന്ന്​ വെട്ടുകളാണ്​ മരണകാരണമായത്​. കാലിലും കൈകളിലും ​ആഴത്തിലുള്ള മുറിവുകളു​ണ്ടെന്ന്​ ഇൻക്വസ്റ്റ്​ തയാറാക്കിയ സി.ഐയുടെ റിപ്പോർട്ടിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakakd Murder
News Summary - Palakkad twin murder
Next Story