റോഡ് സ്ഥലമെടുപ്പ് സർവേക്കിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsകല്ലടിക്കോട് (പാലക്കാട്): പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ സർവേക്ക് എത്തിയ പാലക്കാട് റവന്യു ഇൻസ്പെക്ടർ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തിരുവാഴിയോട് പള്ളത്ത് വീട്ടിൽ ജയപ്രകാശ് (45) ആണ് തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ ഫാർമസി കൗണ്ടറിന്നടുത്ത് കുഴഞ്ഞുവീണ് മരിച്ചത്. കേരള എൻ .ജി .ഒ യുണിയൻ പാലക്കാട് ജില്ലാജോയിന്റ് സെക്രട്ടറിയാണ്.
കരിമ്പ ഒന്ന് വില്ലേജിലെ ഫീൽഡ് സർവേക്ക് സഹപ്രവർത്തകർക്കൊപ്പം ഒരുക്കം തുടങ്ങുന്നതിനിടെ ജയപ്രകാശിന് തൊണ്ടവേദനയുൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തൊട്ടടുത്ത തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു മരുന്ന് കുറിച്ച് വാങ്ങി. മരുന്ന് വാങ്ങാൻ ഫാർമസിയിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പ്രഥമ ശ്രുശ്രുഷ ചെയ്തുവെങ്കിലും രക്ഷിക്കാനായില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
പാലക്കാട് റവന്യൂ ഇൻസ്പക്ടന്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ഡെപ്യൂട്ടേഷനിലാണ് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പ് റവന്യു വിഭാഗത്തിൽ എത്തിയത്. ദീർഘകാലം ഒറ്റപ്പാലം സബ് കലക്ടർ ഓഫിസിൽ ജോലിചെയ്തിരുന്നു. കല്ലടിക്കോട് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.
മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: ദിവ്യ. മക്കൾ: ആദിത്യ (ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി), ഋഷികേശ് (പെരുമാങ്ങോട് എ.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി).