എട്ടുകിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ കോട്ടയത്ത് പിടിയിൽ
text_fieldsപ്രതികൾ
കോട്ടയം: എട്ടുകിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ മൂന്നുപേരെ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടി. പാലക്കാട് അലനല്ലൂർ പറോക്കോട്ട് വീട്ടിൽ അനസ് ബാബു (43), മണ്ണാർക്കാട് കൂമൻചിറ തോണിപ്പാടത്ത് രാധാകൃഷ്ണൻ (32), അലനല്ലൂർ പറോക്കോട്ട് രാഹുൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ കഞ്ചാവ് കച്ചവടം നടത്താനാണ് ഇവർ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്ത് കഞ്ചാവ് കേസിൽ ഉൾപ്പെട്ട ചിലരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവിെൻറ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു.
പാലക്കാട്ടുനിന്ന് കോട്ടയേത്തക്ക് ഇവർ വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിരുവാതുക്കൽ-നാട്ടകം ബൈപാസിൽ തടഞ്ഞു. വെട്ടിച്ചുപോകാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പ് കുറുകെ ഇട്ടാണ് സാഹസികമായി പിടികൂടിയത്. കാർ പരിശോധിച്ചപ്പോൾ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
അനസ് ബാബുവിനെതിരെ മുക്കുപണ്ടം പണയം വെച്ച് വിവിധ സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് ഏഴു ലക്ഷം തട്ടിയതിന് മണ്ണാർക്കാട് സ്റ്റേഷനിൽ കേസുണ്ട്. രാധാകൃഷ്ണൻ നിരവധി കഞ്ചാവ് കേസുകളിലും അടിപിടിേക്കസിലും പ്രതിയാണ്. നാലുവർഷത്തെ ജയിൽവാസത്തിനുശേഷം ആറുമാസം മുമ്പാണ് പുറത്തിറങ്ങിയത്.
പാലക്കാട് നാട്ടുകാല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിയുന്നയാളാണ് രാഹുലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഇടപാടുകാരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും അന്വേഷിച്ചുവരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ബിന്‍സ് ജോസഫ്, എസ്.ഐമാരായ വിപിന്‍ ചന്ദ്രന്, റിജു, എ.എസ്.ഐ രാജീവ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഡെന്നി, രജനീഷ്, തോമസ് രാജു, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി. നായര്‍, കെ.ആര്. അജയകുമാര്‍, തോംസണ്‍ കെ. മാത്യു, വി.കെ. അനീഷ്, അരുണ്‍, ഷമീര്‍ സമദ്, പി.എം. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

