ബ്രൂവറിക്ക് റവന്യു വകുപ്പിന്റെ വെട്ട്; ഭൂമിതരംമാറ്റ അപേക്ഷ തള്ളി പാലക്കാട് ആർ.ഡി.ഒ
text_fieldsതിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്ക് റവന്യു വകുപ്പിന്റെ വെട്ട്. ബ്രൂവറി നിർമിക്കുന്ന ഭൂമിയുടെ തരംമാറ്റ അപേക്ഷ പാലക്കാട് ആർ.ഡി.ഒ തള്ളി. ഒയാസിസ് കമ്പനി നൽകിയ അപേക്ഷയിലാണ് തീരുമാനം. ഭൂമി കൃഷി ആവശ്യത്തിനെ ഉപയോഗിക്കാൻ സാധിക്കുവെന്ന് പാലക്കാട് ആർ.ഡി.ഒ നിലപാടെടുത്തുവെന്നാണ് സൂചന.
എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് പാലക്കാട് ആർ.ഡി.ഒ തള്ളിയത്. നാല് ഏക്കറിൽ നിർമാണ പ്രവർത്തനത്തിന് ഇളവ് വേണമെന്നും ഭൂവിനിയോഗ നിയമത്തിൽ ഇളവ് വേണമെന്നുമായിരുന്നു ആവശ്യം. എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിൽ നാല് ഏക്കർ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് പരാതി ഉയർന്നിരുന്നു.
പാലക്കാട് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐ എതിർപ്പ് ഉയർത്തുന്നതിനിടെയാണ് പാർട്ടി ഭരിക്കുന്ന റവന്യു വകുപ്പ് ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷ തള്ളിയിരിക്കുന്നത്. പദ്ധതിയെ ആദ്യം അനുകൂലിച്ചുവെങ്കിലും പിന്നീട് വിമർശനം ഉയർന്നതോടെ സി.പി.ഐ നിലപാട് മാറ്റുകയായിരുന്നു. തുടർന്ന് സി.പി.എം സമ്മേളനങ്ങളുടെ തിരക്കിലും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ബ്രൂവറി വിഷയത്തിലെ ഉഭയകക്ഷി ചർച്ചകൾക്കായി എത്തിയിരുന്നു.
നേരത്തെ ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അജണ്ട മുൻകൂട്ടി അറിഞ്ഞിട്ടും ഗൗരവം തിരിച്ചറിയാതിരുന്ന സി.പി.ഐ നേതൃത്വവും മന്ത്രിമാരും പാർട്ടിക്കുള്ളിൽ പ്രതിരോധത്തിലായിരുന്നു.എക്സിക്യൂട്ടിവ് യോഗത്തിലെ രൂക്ഷ വിമർശനങ്ങൾക്കുശേഷം നിലപാട് മാറ്റാൻ നിർബന്ധിതമായ നേതൃത്വം പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.