'ജനവിധി തേടി ജന്മനാട്ടിലേക്ക് ' പാലക്കാട് കളത്തിലിറങ്ങി രമേഷ് പിഷാരടി
text_fieldsപാലക്കാട്: പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് അർധവിരാമമിടുകയാണെന്ന് രമേഷ് പിഷാരടി. കൈപ്പത്തി അടയാളത്തിൽ മത്സരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അഭിമാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രമേഷ് പിഷാരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനവിധി തേടി ജന്മനാട്ടിലേക്ക്, പ്രിയപ്പെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ, മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവെക്കാനായി എന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്ത്വവുമായി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്; നിയമസഭ സ്ഥാനാർഥിയായി സ്വാതന്ത്ര്യ സമരം മുതൽ ‘ഇന്ത്യ’ എന്ന മഹാരാജ്യം; മതേതരരാജ്യം കെട്ടിപ്പെടുക്കുന്നതിൽ ഒറ്റക്ക് നിലകൊണ്ട് കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അരനൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക...
അഭിമാനം സന്തോഷം ഇനി പാലക്കാടുള്ള ജനങ്ങൾക്കും... അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന.
അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽനിന്നും അർദ്ധ വിരാമം...
കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹമാണ് ഞാൻ നിങ്ങളിൽനിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ എന്ന പോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ...
സ്നേഹത്തോടെ
രമേഷ് പിഷാരടി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

